Ongoing News
പ്രായമായവര്‍ക്കും വികലാംഗര്‍ക്കും ഗര്‍ഭിണികള്‍ക്കും ദുബൈയില്‍ കോടതി ഫീസ് ഒഴിവാക്കി
സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ഫീ അല്‍ ശൗഫ (നിങ്ങളുടെ സേവനത്തില്‍) എന്ന് അറിയപ്പെടുന്ന ഈ സംരംഭം.

ദുബൈ| പ്രായമായ പൗരന്മാര്‍, ഗര്‍ഭിണികള്‍, വികലാംഗര്‍ എന്നിവര്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമപരമായ ഫീസ് ഒഴിവാക്കാനോ പേയ്മെന്റുകള്‍ മാറ്റിവെക്കാനോ അനുവദിക്കുന്ന സേവനങ്ങള്‍ ദുബൈ കോടതികള്‍ ആരംഭിച്ചു. വിവാഹമോചനത്തിനോ ഭര്‍ത്താവിന്റെ മരണത്തിനോ ശേഷമുള്ള കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ‘ഇദ്ദ’യിലെ സ്ത്രീകള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും.
സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ഫീ അല്‍ ശൗഫ (നിങ്ങളുടെ സേവനത്തില്‍) എന്ന് അറിയപ്പെടുന്ന ഈ സംരംഭം. ഈ ഗ്രൂപ്പുകള്‍ക്ക് ജുഡീഷ്യല്‍ പ്രക്രിയകള്‍ കൂടുതല്‍ പ്രാപ്യവും എളുപ്പവുമാക്കുക, സാമൂഹിക സംയോജനം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ദുബൈ കോടതികളുടെ കേസ് മാനേജ്മെന്റ് സെക്ടര്‍ ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അല്‍ ഉബൈദലി പറഞ്ഞു.
ഗര്‍ഭിണികള്‍ക്കും വികലാംഗര്‍ക്കും അവരുടെ ദേശീയത പരിഗണിക്കാതെ തന്നെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വാഗ്ദാനം ചെയ്യുന്ന സേവനങ്ങളില്‍ സൗജന്യ നിയമോപദേശവും എമിറേറ്റിലെ നിയമ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യവും ഉള്‍പ്പെടുന്നു. കോടതികള്‍ അവരുടെ അഭിഭാഷകരിലൊരാളെ ഒരു ചെലവും കൂടാതെ വാഗ്ദാനം ചെയ്യും. അല്‍ ഉബൈദലി പറഞ്ഞു. ഇതിനുള്ള അഭ്യര്‍ഥനകള്‍ കോടതികളിലെ സമര്‍പ്പിത സമിതി അവലോകനം ചെയ്യും.
അര്‍ഹരായവര്‍ക്ക് കടാശ്വാസ സേവനവും ലഭ്യമാക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് സംഭാവനയായി ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് കടക്കാര്‍ക്കും അടക്കാന്‍ കഴിയാത്തവര്‍ക്കും സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിനായി 2018-ല്‍ ആരംഭിച്ച ‘കോര്‍ട്ട്‌സ് ഓഫ് ഗുഡ്’ പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക. 043347777 കോണ്‍ടാക്റ്റ് സെന്റര്‍ ഫോണ്‍ വഴിയോ ദുബൈ കോര്‍ട്ട്‌സ് സര്‍വീസ് ഓഫീസ് സന്ദര്‍ശിച്ചോ വെബ്സൈറ്റ് വഴിയോ സേവനങ്ങള്‍ അഭ്യര്‍ഥിക്കാം.