Connect with us

Kasargod

ബോധവത്ക്കരണ പ്ലക്കാര്‍ഡുമായി അഞ്ച് ദിവസം തെരുവില്‍ നില്‍ക്കണം; മയക്കുമരുന്ന് കേസില്‍ യുവാവിന് അപൂര്‍വ വ്യവസ്ഥയോടെ ജാമ്യം നല്‍കി കോടതി

3.06 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായ പടന്നക്കാട് കുറുന്തൂര്‍ ഷഫ്രീന മന്‍സിലിലെ അബ്ദുല്‍ സഫ്‌വാന്റെ ജാമ്യ വ്യവസ്ഥയിലാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ് പണിക്കര്‍ അപൂര്‍വ വ്യവസ്ഥ വച്ചത്.

Published

|

Last Updated

കാസര്‍കോട് | മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ യുവാവിന് അപൂര്‍വ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി. ‘നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ സുഹൃത്തുക്കളെയും കുടുബത്തെയുമാണ് എന്നെഴുതിയ ബോര്‍ഡുമായി തുടര്‍ച്ചയായി അഞ്ച് ദിവസം പൊതുസ്ഥലങ്ങളില്‍ നില്‍ക്കണമെന്നാണ് നിര്‍ദേശം. രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ലഹരിവിരുദ്ധ ബോധവത്ക്കരണ പ്ലക്കാര്‍ഡേന്തി നില്‍ക്കേണ്ടത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് പോലീസിനും കോടതി നിര്‍ദേശം നല്‍കി.

3.06 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായ പടന്നക്കാട് കുറുന്തൂര്‍ ഷഫ്രീന മന്‍സിലിലെ അബ്ദുല്‍ സഫ്‌വാന്റെ ജാമ്യ വ്യവസ്ഥയിലാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ് പണിക്കര്‍ അപൂര്‍വ വ്യവസ്ഥ വച്ചത്. 2024 മെയ് 18 ന് കാഞ്ഞങ്ങാട് മയ്യിത്ത് റോഡിലാണ് യുവാവ് എം ഡി എം എയുമായി പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തതിനു പിന്നാലെ ഹൊസ്ദുര്‍ഗ് സി ഐ, പി അജിത് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രവും നല്‍കി.

മാസങ്ങളായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന യുവാവ് പല തവണ നല്‍കിയ ജാമ്യാപേക്ഷകള്‍ കോടതി തള്ളുകയായിരുന്നു. ഏറ്റവുമൊടുവില്‍ നല്‍കിയ അപേക്ഷയില്‍ ജാമ്യം നല്‍കാന്‍ തയ്യാറായ കോടതി അപൂര്‍വമായ വ്യവസ്ഥ വെക്കുകയായിരുന്നു.

---- facebook comment plugin here -----

Latest