From the print
യു പിയില്‍ ദര്‍ഗ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കി കോടതി; മുസ്ലിംകളുടെ ഹരജി തള്ളി
ഉടമസ്ഥാവകാശം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിഭാഗം സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹരജി കോടതി തള്ളി.
ബാഗ്പത് (യു പി) | ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ സൂഫിവര്യന്‍ ബദറുദ്ദീന്‍ ഷാ ദര്‍ഗയുടെ ഉടമസ്ഥാവകാശം ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കി ബാഗ്പത് ജില്ലാ കോടതി. ഉടമസ്ഥാവകാശം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിഭാഗം സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹരജി കോടതി തള്ളി. സിവില്‍ ജഡ്ജി ശിവം ദ്വിവേദിയാണ് ഉത്തരവിട്ടത്.
ബാഗ്പത് ജില്ലയിലെ ബര്‍ണാവ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ദര്‍ഗക്ക് ഏകദേശം അറുനൂറ് വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. 53 വര്‍ഷം മുമ്പാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട തര്‍ക്കം തുടങ്ങിയത്. മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമാണിത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പാണ്ഡവരെ ചുട്ടുകൊല്ലാന്‍ ദുര്യോധനന്‍ പണികഴിപ്പിച്ച കൊട്ടാരമാണ് ലക്ഷഗൃഹം എന്നാണ് ഹിന്ദുമത വിശ്വാസം.
ഹിന്ദു വിഭാഗം ദര്‍ഗക്കകത്ത് അതിക്രമിച്ച് കയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ദര്‍ഗാ ഭാരവാഹിയായ മുഖീം ഖാന്‍ ആണ് 1970ല്‍ കോടതിയെ സമീപിച്ചത്. ബാഗ്പതിലെ ഹിന്ദു പുരോഹിതന്‍ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസില്‍ എതിര്‍കക്ഷിയാക്കിയിരുന്നത്. മീറത്ത് കോടതി പരിഗണിച്ച കേസ് പിന്നീട് ബാഗ്പത് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പ്രദേശത്ത് ദര്‍ഗയോ ഖബറിടമോ ഉണ്ടായിരുന്നില്ലെന്ന എതിര്‍ ഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി കേസ് തള്ളിയത്. ലക്ഷഗൃഹവുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിന്റെ ഹരജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ രണ്‍വീര്‍ സിംഗ് തോമര്‍ പറഞ്ഞു. വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശാഹിദ് ഖാന്‍ പറഞ്ഞു.