Kerala
ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കിയ സംഭവത്തില്‍ കോടതി ഇടപെടല്‍; വീട് തുറന്നു നല്‍കി പോലീസ്
സുരക്ഷക്ക് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

തിരുവനന്തപുരം | വെണ്ണിയൂര്‍ വവ്വാമൂലയില്‍ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടിയ സംഭവത്തില്‍ ഇടപെട്ട് കോടതി. യുവതിക്കും കുട്ടികള്‍ക്കും വീട്ടില്‍ പ്രവേശിക്കാമെന്ന് നയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഏഴാം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചു. പൂട്ട് പൊളിച്ച് വീടിന് അകത്തേക്ക് കയറാനും താമസിക്കാനുമുള്ള സൗകര്യം ഒരുക്കി നല്‍കണമെന്നും പോലീസിന് കോടതി നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെ വിഴിഞ്ഞം എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ നീതുവിനും പെണ്‍കുട്ടികള്‍ക്കും ഇന്നലെ രാത്രിയോടെ വീട് തുറന്നു നല്‍കി.
വീട്ടില്‍ താമസിക്കുന്നതിന് പ്രതികള്‍ തടസ്സം നില്‍ക്കരുതെന്ന് കോടതി ഉത്തരവിട്ടു. വെണ്ണിയൂര്‍ സ്വദേശി നീതുവിനെയും കുഞ്ഞുങ്ങളെയുമാണ് ഭര്‍ത്താവായ അജിത് റോബിന്‍ വീട് പൂട്ടി പുറത്താക്കിയിരുന്നത്. നീതുവിനെയും രണ്ട് പെണ്‍കുട്ടികളെയും വീടിന് പുറത്താക്കിയ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്.
നീതുവിന്റെയും കുട്ടികളുടെയും സുരക്ഷക്കായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രാത്രിയില്‍ പട്രോളിംഗുമുണ്ട്. കേസ് എടുത്തതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവായ അജിത് റോബിനും മാതാപിതാക്കളും ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി മുന്‍സിപാലിറ്റിയിലും എത്തിയിട്ടില്ലെന്നാണ് വിവരം. മലപ്പുറം പൊന്നാനി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനാണ് അജിത്ത് റോബിന്‍.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച നീതുവിനെയും ഇരട്ട പെണ്‍കുട്ടികളെയും പുറത്താക്കി അജിത്ത് വീട് പൂട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ നീതു വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും അവിടെ അഭയം പ്രാപിക്കുകയും ചെയ്തു.