Kerala
അരിക്കൊമ്പന് കോളർ ഘടിപ്പിക്കാൻ മയക്കുവെടി വെക്കാൻ കോടതിയുടെ അനുമതി
ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് വനംവകുപ്പിന് തീരുമാനിക്കാമെന്നും കോടതി
കൊച്ചി | ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കുന്നതിന് മയക്കുവെടി വെക്കാൻ ഹൈക്കോടതിയുടെ അനുമതി. എന്നാൽ അരിക്കൊമ്പനെ പിടികൂടി കൂട്ടിലാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുംകിയാനകളും ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരണമെന്നും കോടതി പറഞ്ഞു.
ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് വനംവകുപ്പിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഭീഷണി ഉണ്ടെങ്കിൽ മാത്രമേ ആനകളെ റേഡിയോ കോളർ പിടിപ്പിച്ച് നിരീക്ഷിക്കാവൂ എന്ന ഉപാധിയോടെയാണ് അനുമതി. കുങ്കിയാനകളെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജനങ്ങളുടെ സുരക്ഷക്കായി ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രദേശത്ത് ജനകീയ പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. നാളെ ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിൽ വിളയാടുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് വീഴ്ത്താൻ മിഷൻ അരിക്കൊമ്പൻ ദൗത്യത്തിന് വനംവകുപ്പ് ഒരുങ്ങിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു തീരുമാനം. ഇതിനെതിരെ മൃഗസംരക്ഷണ സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവർ നൽകിയ ഹർജിയിലാണ് മിഷൻ അരിക്കൊമ്പന് ഹൈക്കോടതി താത്കാലികമായി തടയിട്ടത്.
റേഷന്‍ കടകള്‍ തകര്‍ത്ത് അരി തിന്നുന്നതിനാലാണ് കാട്ടാനക്ക് അരിക്കൊമ്പന്‍ എന്ന പേരുവീണത്. പന്നിയാര്‍ എസ്റ്റേറ്റിലെ നിരവധി റേഷൻ കടകൾ അരിക്കൊമ്പന്റെ അതിക്രമത്തിനിരയായിട്ടുണ്ട്. ഇതിനകം 12-ല്‍ അധികം ആളുകളുടെ ജീവനെടുത്ത ചരിത്രവും അരിക്കൊമ്പനുണ്ട്.