National
കുറ്റപത്രം അപൂര്‍ണമെന്ന് കോടതി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്ക് തിരിച്ചടി
സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു. ഇ ഡി കൂടുതല്‍ രേഖകള്‍ ഹാജരാക്കണം. കേസ് മെയ് രണ്ടിന് വീണ്ടും പരിഗണിക്കും.

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ്സ് മുന്‍ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇ ഡിയോട് കോടതി നിര്‍ദേശിച്ചു.
സോണിയക്കും രാഹുലിനും നോട്ടീസ് നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. കേസ് മെയ് രണ്ടിന് വീണ്ടും പരിഗണിക്കും.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എ ജെ എല്ലിന്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.