civic chandran rape case
സിവിക് ചന്ദ്രന് അനുകൂലമായ കോടതി വിധി സ്ത്രീ വിരുദ്ധം: മന്ത്രി വീണാ ജോര്‍ജ്
ഇത്തരം വിധികള്‍ കോടതിയിലുള്ള പൊതുസമൂഹത്തിന്റെ പ്രതീക്ഷക്ക് എതിര്
തിരുവനന്തപുരം | സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി സ്ത്രീവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികള്‍ ആ പ്രതീക്ഷക്ക് എതിരാണെന്നും മന്ത്രി പ്രതികരിച്ചു.
പരാതിക്കാരിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളടങ്ങിയതായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വിധിയിലുണ്ടായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി സിവിക് ചന്ദ്രന്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യവും നല്‍കുകയായിരുന്നു.