Connect with us

ഇലക്ടറല്‍ ബോണ്ട് സ്‌കീം

പ്രതീക്ഷകള്‍ അസ്ഥാനത്തല്ലെന്ന കോടതി വിധി

ലാഭത്തിലുള്ള കമ്പനികള്‍ക്ക് അവരുടെ മൊത്തം ലാഭത്തിന്റെ നിശ്ചിത ശതമാനം രാഷ്ട്രീയ സംഭാവനകള്‍ക്ക് വിനിയോഗിക്കാം എന്നായിരുന്നു കമ്പനീസ് ആക്ടിലെ ഭേദഗതിക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയെങ്കില്‍ ഭേദഗതി പ്രകാരം നഷ്ടത്തിലിരിക്കുന്ന കമ്പനികള്‍ക്കും രാഷ്ട്രീയ സംഭാവനകളാകാം എന്ന സ്ഥിതി വന്നു. അതുവഴി നഷ്ടത്തിലോടുന്ന കമ്പനികള്‍ക്ക് പോലും രാഷ്ട്രീയ സംഭാവനകളിലൂടെ ഭരണകൂടത്തെ സ്വാധീനിച്ച് കൂടുതല്‍ ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കാവുന്ന അവസ്ഥയുണ്ടായി.

Published

|

Last Updated

ണാധിപത്യം വന്നാല്‍ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വവുമാകില്ലെന്ന ബോധ്യത്തെ അരക്കിട്ടുറപ്പിക്കുകയും തദടിസ്ഥാനത്തില്‍ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ഭരണകൂടത്തിന് നല്‍കുകയുമാണിപ്പോള്‍ ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതി സമീപകാലത്ത് നടത്തിയ, കാര്യകാരണ ബന്ധത്തോടെയുള്ളതും ഭരണഘടനാപരതയില്‍ അടിയുറച്ചതുമായ ഒരു വിധിയായി വേണം ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയെ മനസ്സിലാക്കാന്‍.

കള്ളപ്പണം തടയാനാണ് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനകള്‍ നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കുന്നവരുടെ വിവരങ്ങളറിയാന്‍ വോട്ടര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച വാദം. എന്നാല്‍ ഭരണഘടനയുടെ അനുഛേദം 19(1)(എ)യെ ഭരണഘടനാപരമായി വ്യാഖ്യാനിച്ചു കൊണ്ട് ഭരണകൂട വാദങ്ങളുടെ മുനയൊടിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച്.

കള്ളപ്പണം തടയാനെന്ന് പല്ലവി

ഇലക്ടറല്‍ ബോണ്ട് മുഖേനെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കുന്നത് കള്ളപ്പണം തടയാനാണെന്ന ന്യായം പര്യാപ്തമല്ലെന്ന് കണ്ടു പരമോന്നത നീതിപീഠം. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന അനുഛേദമാണല്ലോ 19(1)(എ). പ്രസ്തുത മൗലികാവകാശത്തിന്‍മേല്‍ ഭരണകൂടത്തിന് കൊണ്ടുവരാന്‍ പറ്റുന്ന ന്യായമായ നിയന്ത്രണങ്ങളാണ് (Reaosnable retsrictions) 19(2)ാം അനുഛേദത്തിന്റെ ഉള്ളടക്കം. അതില്‍ പരാമര്‍ശിക്കുന്ന ന്യായമായ നിയന്ത്രണങ്ങളില്‍ ഒന്നല്ല കള്ളപ്പണം തടയല്‍. പോരാത്തതിന് ഭരണകൂടം കൊണ്ടുവരുന്ന നിയന്ത്രണം ആനുപാതികമാണോ എന്ന ജുഡീഷ്യറിയുടെ പരിശോധന പൂര്‍ത്തിയാക്കുകയും വേണം.

ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിക്കൊണ്ട് തീര്‍പ്പുകല്‍പ്പിച്ച പരമോന്നത നീതിപീഠം അത് ഒരു പ്രത്യുപകാരാധിഷ്ഠിത സംവിധാനമായി വളരുമെന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. അതാണെങ്കില്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലായ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പെന്ന ലക്ഷ്യത്തിന് തുരങ്കം വെക്കുന്നതുമാണ്. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് ഭരണത്തിലിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന കോടികളുടെ സംഭാവനകള്‍ക്ക് ഭരണകൂടം തിരിച്ചൊന്നും നല്‍കില്ലേ എന്ന ചോദ്യം പ്രസക്തമാണ്.

ഭരണകൂടത്തിന് വേണ്ടി കോടികള്‍ വീശിയെറിയുന്നവര്‍ക്കൊപ്പിച്ച് നയരൂപവത്കരണം നടത്താന്‍ ഭരിക്കുന്നവര്‍ സന്നദ്ധരാകുകയോ നിര്‍ബന്ധിതരാകുകയോ ചെയ്യും. പ്രത്യുത, നമ്മുടെ ജനാധിപത്യം ഒരു കോമാളി വേഷമായി മാറും. അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് അറിയാന്‍ കഴിയുന്നപക്ഷം രാഷ്ട്രീയ സംഭാവനകളും നയരൂപവത്കരണവും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ അത് വോട്ടര്‍മാരെ സഹായിക്കും. ആ സുതാര്യതക്കാണല്ലോ ജനാധിപത്യം എന്ന് നമ്മള്‍ പറയുന്നതും.

ദുഷ്ടലാക്കിന്റെ ഭേദഗതികള്‍

ഇലക്ടറല്‍ ബോണ്ട് സ്‌കീം സാധ്യമാക്കുന്നതിന് 2017ലെ ഫിനാന്‍സ് ആക്ടിലൂടെ കൊണ്ടുവന്ന പ്രധാന ഭേദഗതികളാണ് കമ്പനീസ് ആക്ടിലെ 182(3), ജനപ്രാതിനിധ്യ നിയമത്തിലെ 29 സി എന്നിവ. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കാനായി കൊണ്ടുവന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ 29 സി വകുപ്പിലെ ഭേദഗതി. ഇലക്ടറല്‍ ബോണ്ടിന് പുറമെ എല്ലാ തരത്തിലുള്ള സാമ്പത്തിക കൈമാറ്റങ്ങളുടെയും വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടാത്ത സ്ഥിതി സൃഷ്ടിക്കുന്നതാണ് കമ്പനീസ് ആക്ടിലെ 182(3) വകുപ്പ്.

ഒരു കമ്പനി രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കിയാല്‍ പ്രസ്തുത വിവരങ്ങള്‍ സംഭാവന ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി അതിന്റെ റിപോര്‍ട്ടില്‍ വെളിപ്പെടുത്തണമെന്നായിരുന്നു ജനപ്രാതിനിധ്യ നിയമത്തിന് മേല്‍ചൊന്ന ഭേദഗതി കൊണ്ടുവരുന്നതിന്റെ മുമ്പുണ്ടായിരുന്ന സ്ഥിതിയെങ്കില്‍ ഭേദഗതിയോടെ സുതാര്യമല്ലാത്തതും അനിയന്ത്രിതവുമായ രാഷ്ട്രീയ സംഭാവനകള്‍ക്കുള്ള വഴിയൊരുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

അത്തരമൊരു ഭേദഗതിയുടെ ഏറെക്കുറെ പൂര്‍ണ ഗുണഭോക്താക്കള്‍ കേന്ദ്ര സര്‍ക്കാറും ബി ജെ പിയും തന്നെയാണ്. രാഷ്ട്രീയ സംഭാവനകളെക്കുറിച്ച് രാജ്യത്തെ വോട്ടര്‍മാരായ പൗരന്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിക്കാതിരിക്കുമ്പോഴും ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനകള്‍ നല്‍കിയിരിക്കുന്നത് ആരൊക്കെയാണെന്നും അതാര്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്നുമറിയാന്‍ കേന്ദ്ര സര്‍ക്കാറിന് വഴിയുണ്ടായിരുന്നു എന്നതാണ് ഇലക്ടറല്‍ ബോണ്ട് സ്‌കീമിനെ ജനാധിപത്യവിരുദ്ധവും അമിതാധികാര പ്രവൃത്തിയുമാക്കി തീര്‍ക്കുന്നത്.

കമ്പനി രാജിലേക്കുള്ള വഴി

ജനപ്രാതിനിധ്യ നിയമത്തിലെ പ്രസ്താവിത ഭേദഗതിക്കൊത്ത് കൊണ്ടുവന്നതാണ് കമ്പനീസ് ആക്ടിലെ 182(3) വകുപ്പ്. പരിധിയില്ലാത്ത രാഷ്ട്രീയ സംഭാവനകള്‍ നല്‍കാന്‍ കമ്പനികള്‍ക്ക് അത് വഴിയൊരുക്കുന്നു. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വലിയ തോതില്‍ അട്ടിമറിക്കാന്‍ സഹായകമാകുന്ന അപകടമാണ് കമ്പനീസ് ആക്ടിലെ ഭേദഗതിക്ക് പിന്നിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ നല്‍കുന്ന സംഭാവനകള്‍ പോലെയല്ല കമ്പനികള്‍ നല്‍കുന്ന സംഭാവനകള്‍. പലപ്പോഴും കോടികള്‍ വാരിയെറിയാന്‍ കമ്പനികള്‍ക്ക് കഴിയുമെങ്കില്‍ രാജ്യഭരണം “കമ്പനി ഭരണ’മായി മാറുന്നതായിരിക്കും അതിന്റെ തിക്തഫലം.

സര്‍ക്കാറുകളുടെ നയപരമായ തീരുമാനങ്ങളുടെ മുഖ്യ സ്വാധീനശക്തി കോര്‍പറേറ്റ് മുതലാളിമാരാകുന്നതിന്റെ പരിണത ഫലമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ കൊണ്ടുവന്ന മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍. രാജ്യത്തെ കര്‍ഷക സമൂഹത്തിന്റെ സമരവീര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുമ്പില്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നെങ്കിലും ആ കര്‍ഷകര്‍ നീതിക്കു വേണ്ടി ഇപ്പോഴും തെരുവില്‍ തന്നെയാണെന്ന യാഥാര്‍ഥ്യം ഭരണകൂട ഇടനാഴികളിലെ കോര്‍പറേറ്റ് കൊടുക്കല്‍ വാങ്ങലുകളുടെ നൈരന്തര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ലാഭത്തിലുള്ള കമ്പനികള്‍ക്ക് അവരുടെ മൊത്തം ലാഭത്തിന്റെ നിശ്ചിത ശതമാനം രാഷ്ട്രീയ സംഭാവനകള്‍ക്ക് വിനിയോഗിക്കാം എന്നായിരുന്നു കമ്പനീസ് ആക്ടിലെ പ്രസ്താവിത ഭേദഗതിക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയെങ്കില്‍ ഭേദഗതി പ്രകാരം നഷ്ടത്തിലിരിക്കുന്ന കമ്പനികള്‍ക്കും രാഷ്ട്രീയ സംഭാവനകളാകാം എന്ന സ്ഥിതി വന്നു. അതുവഴി നഷ്ടത്തിലോടുന്ന കമ്പനികള്‍ക്ക് പോലും രാഷ്ട്രീയ സംഭാവനകളിലൂടെ ഭരണകൂടത്തെ സ്വാധീനിച്ച് കൂടുതല്‍ ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കാവുന്ന അവസ്ഥയുണ്ടായി. കൂടാതെ ഷെല്‍ കമ്പനികളുണ്ടാക്കി അതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാനും വകുപ്പുണ്ടായി.

ഒരു വ്യക്തിയുടെ വോട്ടിന് ഒരു മൂല്യം എന്നാണെങ്കില്‍ കോര്‍പറേറ്റുകള്‍ക്ക് എത്രയോ വോട്ടുമൂല്യം പോക്കറ്റിലാക്കി രാജ്യത്തെ തിരഞ്ഞെടുപ്പുകളെ നിയമവിരുദ്ധമായി സ്വാധീനിക്കാന്‍ ലഭിച്ച ഒരവസരം ഇവിടെ അടച്ചിരിക്കുകയാണ് നീതിപീഠം. അങ്ങനെ പഴുതുകള്‍ ഇനിയും പലതും അടയ്ക്കേണ്ടതുണ്ടെങ്കില്‍ പോലും രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയില്‍ പ്രതീക്ഷ നല്‍കുന്ന വിധിയാണ് ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ തീര്‍പ്പെന്നത് കാണാതിരുന്നു കൂടാ. അത് ഒരേസമയം പൗരന്റെ അറിയാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയും നീതിപൂര്‍വവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പെന്ന ഭരണഘടനാപരമായ ആശയത്തിന് കാവലിരിക്കുകയും ചെയ്തിരിക്കുന്നു.

 

 

 

 

Latest