National
കോടതികള്‍ സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും മാത്രമുള്ളതല്ല: മദ്രാസ് ഹൈക്കോടതി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രിമാരായ തങ്കം തെന്നരസുവിനേയും കെകെഎസ്എസ്ആര്‍ രാമചന്ദ്രനേയും കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെയാണ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ചെന്നൈ| തമിഴ്‌നാട്ടിലെ പ്രത്യേക കോടതികളെ അതിരൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കോടതികള്‍ സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും മാത്രമുള്ളതല്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുറിവേല്‍ക്കുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന മന്ത്രിമാര്‍ക്കെതിരായ റിവിഷന്‍ കേസിലാണ് കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രിമാരായ തങ്കം തെന്നരസുവിനേയും കെകെഎസ്എസ്ആര്‍ രാമചന്ദ്രനേയും കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെയാണ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വ്രണപ്പെടുത്തുമ്പോള്‍ കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
പ്രത്യേക കോടതികളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. ഒത്തുകളിക്കാരുമായി കോടതികള്‍ക്ക് അവിശുദ്ധ സഖ്യമുണ്ടോയെന്നും കോടതികള്‍ സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും മാത്രമുള്ളതല്ലെന്നും മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് മന്ത്രിമാര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സ്വമേധയാ റിവിഷന്‍ കേസെടുത്തത്. കേസ് സെപ്തംബര്‍ 20ന് പരിഗണിക്കും. നിലവില്‍ തമിഴ്‌നാട് ധനമന്ത്രിയാണ് തങ്കം തെന്നരസു. 2006-11 കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തിനും ഭാര്യ മണിമേഗലൈയ്ക്കുമെതിരെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ കേസെടുത്തിരുന്നു. 2022 ഡിസംബറില്‍ ശ്രീവില്ലിപുത്തൂരിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി.
നിലവിലെ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയാണ് കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍. 43 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് രാമചന്ദ്രന്‍, ഭാര്യ ആദിലക്ഷ്മി, അടുത്ത സഹായി ഷണ്‍മുഖമൂര്‍ത്തി എന്നിവര്‍ക്കെതിരെ 2011ലാണ് ഡിവിഎസി കേസെടുക്കുന്നത്. 2016ല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാമചന്ദ്രന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഡിവിഎസി അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിരുദുനഗര്‍ കോടതി ഇവരെ വെറുതെവിട്ടത്.