Editorial
കോടതികള്‍ സാധാരണക്കാരന് അപ്രാപ്യമാകരുത്
കോടതി ഫീസുകള്‍ കാലോചിതമായി വര്‍ധിപ്പിക്കേണ്ടതു തന്നെ. എന്നാലത് സാധാരണക്കാരന് താങ്ങാനാകാത്ത വിധം ഉയര്‍ന്ന വര്‍ധനവാകരുത്.

കോടതി ഫീസുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണ് ജസ്റ്റിസ് വി മോഹനന്‍ അധ്യക്ഷനായ സമിതി. നിശ്ചിത നിരക്കില്‍ കോടതി ഫീസ് ഈടാക്കുന്ന വ്യവഹാരങ്ങളുടെ കോര്‍ട്ട് ഫീ അഞ്ച് മടങ്ങും മജിസ്‌ട്രേറ്റ് കോടതികളിലെ ആബ്സെന്റ് അപേക്ഷ, അഡ്ജേണ്‍മെന്റ് അപേക്ഷ എന്നിവയുടെ നിരക്ക് പത്ത് മടങ്ങും വര്‍ധിപ്പിക്കാനാണ് സമിതി നിര്‍ദേശം. നിലവില്‍ കോടതി ഫീസ് ബാധകമല്ലാത്ത ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ ഫീസ് നിലവില്‍ വരും. പൊതുആവശ്യാര്‍ഥം ഏറ്റെടുക്കുന്ന ഭൂമിക്ക് പിന്നീട് കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അധിക തുകയുടെ നിശ്ചിത ശതമാനം കോടതി ഫീസായി ഈടാക്കാനാണ് നിര്‍ദേശം. ആര്‍ബിട്രേഷന്‍ കേസുകളുമായി ബന്ധപ്പെട്ട ഹരജികളില്‍ അതില്‍ ഉള്‍പ്പെട്ട തുകയുടെ നിശ്ചിത ശതമാനം ഫീസ് ഈടാക്കാനും ശിപാര്‍ശയുണ്ട്. കോടതിക്ക് പുറത്ത് തീര്‍പ്പാക്കുന്ന കേസുകളില്‍ കോടതി ഈടാക്കിയ ഫീസ് തിരിച്ചു നല്‍കണമെന്നും സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡറുകളെയും കോടതി ഫീസില്‍ നിന്ന് ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
2003ലാണ് ഇതിനു മുമ്പ് കോടതി നിരക്കുകള്‍ പരിഷ്‌കരിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി മാറ്റമില്ലാതെ തുടരുന്ന നിരക്കുകള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് വി മോഹനന്‍ സമിതിയെ. ഒരാഴ്ച മുമ്പാണ് മന്ത്രി പി രാജീവിന് സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട കനത്ത ബാധ്യതയാണ് സര്‍ക്കാര്‍ വഹിക്കുന്നത്. 2013ലെ ബജറ്റ് പ്രകാരം നീതിന്യായ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വരുമാനം 125.65 കോടിയാണ്. ഈയിനത്തില്‍ സര്‍ക്കാറിനു വന്ന ചെലവ് 1,248.75 കോടിയും. പത്ത് മടങ്ങാണ് അന്തരം. മാത്രമല്ല, നീതിന്യായ വിഭാഗത്തിന് കേന്ദ്രത്തില്‍ നിന്ന് മതിയായ സഹായം ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ സമിതി ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.
വി മോഹനന്‍ സമിതിയുടെ ഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വിഭവ സമാഹരണത്തിന്റെ ഭാഗമായി കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യുന്ന വസ്തു സംബന്ധമായ കേസുകളുടെ കോടതി ഫീസ്, ജുഡീഷ്യല്‍ കോര്‍ട്ട് ഫീസ് നിരക്ക് തുടങ്ങി ചിലയിനം ഫീസുകളില്‍ വര്‍ധന വരുത്തിയിരുന്നു. ഇതോടെ കുടുംബ കോടതികളില്‍ വസ്തു സംബന്ധമായ കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് നേരത്തേ ഈടാക്കിയിരുന്ന 50 രൂപ ഫീസ്, ഒരു ലക്ഷം വരെയുള്ള കേസുകളില്‍ 200 രൂപയായി ഉയരും. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മൂല്യം വരുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ അതിന്റെ അര ശതമാനവും അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന തുകക്ക് ഒരു ശതമാനവും കോടതി ഫീസ് നല്‍കണം.
കോടതി ഫീസുകള്‍ കാലോചിതമായി വര്‍ധിപ്പിക്കേണ്ടതു തന്നെ. എന്നാലത് സാധാരണക്കാരന് താങ്ങാനാകാത്ത വിധം ഉയര്‍ന്ന വര്‍ധനവാകരുത്. 2019 ഡിസംബറില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിട ഉദ്ഘാടന വേളയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘കോടതി നടപടികള്‍ ചെലവേറിയതും സാധാരണക്കാരന് അപ്രാപ്യവുമാകുകയാണ്. കോടതിയുടെ ഉയര്‍ന്ന ചെലവുകളും മറ്റും കാരണം സാധാരണക്കാരന് ഈ മേഖല അപ്രാപ്യമാകുകയാണ്. നീതി നിര്‍വഹണത്തിനു വേണ്ടി ചെലവഴിക്കേണ്ടി വരുന്ന വലിയ തുകകളെക്കുറിച്ച് മഹാത്മാ ഗാന്ധിക്ക് വലിയ ആശങ്കയുണ്ടായിരുന്നു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയെന്നതാണ് ഭരണഘടന നമുക്ക് നല്‍കുന്ന ഉത്തരവാദിത്വ’മെന്നായിരുന്നു രാംനാഥ് കോവിന്ദ് പറഞ്ഞത്.
പൊതുവെ സാധാരണക്കാരന്റെ കീശ കാലിയാക്കുന്നതും കിടപ്പാടം വരെ വില്‍ക്കാന്‍ നിര്‍ബന്ധിതനാക്കുന്നതുമാണ് കോടതി വ്യവഹാരങ്ങള്‍. സംസ്ഥാനത്ത് വൈവാഹിക, കുടുംബ തര്‍ക്ക കേസുകളും പോക്സോ കേസുകളും വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പോക്സോ കേസുകളില്‍ ഗണ്യഭാഗവും വ്യാജ പരാതികളാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. വ്യാജ പോക്സോ കേസുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി ഇതിനിടെ കുടുംബ കോടതികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കോടതികളിലെത്തുന്ന കേസുകളിലെ ഇരകളില്‍ നല്ലൊരു പങ്കും നിരപരാധികളാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കോടതി ചെലവ് കുത്തനെ ഉയരുമ്പോള്‍ ഇത്തരക്കാരുടെ സ്ഥിതി കൂടുതല്‍ അവതാളത്തിലാകും. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ അതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും നിയമ മേഖലയില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക സംഘടനകളും ബാര്‍ അസ്സോസിയേഷനുകളും സര്‍ക്കാറിന് നിവേദനം നല്‍കുകയുമുണ്ടായി.
കോടതികളിലെ കേസ് മാറ്റിവെക്കല്‍ (അഡ്ജേണ്‍മെന്റ്) പ്രവണതയും കേസ് നടത്തിപ്പുകാരുടെ സാമ്പത്തിക ബാധ്യത കുത്തനെ വര്‍ധിപ്പിക്കുന്നു. പലപ്പോഴും വ്യക്തമായ കാരണങ്ങളില്ലാതെയും നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടിയുമാണ് അഭിഭാഷകര്‍ കേസുകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുന്നത്. കുടുംബ കേസുകള്‍, സ്വത്ത് തര്‍ക്കം, ക്രിമിനല്‍ കേസുകള്‍ തുടങ്ങിയവ തീര്‍പ്പാക്കാന്‍ ചിലപ്പോള്‍ ദശാബ്ദങ്ങളെടുക്കാറുണ്ട്. അഡ്ജേണ്‍മെന്റിനെ പലപ്പോഴും സുപ്രീം കോടതിയും ഹൈക്കോടതികളും വിമര്‍ശിച്ചിട്ടുണ്ട്. 2024 സെപ്തംബര്‍ ഒന്നിന് ഡല്‍ഹിയില്‍ സുപ്രീംകോടതി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെ, കോടതികളിലെ അഡ്ജേണ്‍മെന്റ് സംസ്‌കാരം അവസാനിപ്പിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ആഹ്വാനം ചെയ്തിരുന്നു. നീതി തേടിയെത്തുന്നവരോടുള്ള ജുഡീഷ്യറിയുടെ നിശബ്ദമായ അനീതിയാണ് അഡ്ജേണ്‍മെന്റ് സംസ്‌കാരമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ കോടതികളിലെ ഫീസുകള്‍ വന്‍തോതില്‍ കുത്തനെ വര്‍ധിപ്പിക്കുന്നത്, എല്ലാവര്‍ക്കും നീതിയെന്ന ഭരണഘടനാ പ്രഖ്യാപനത്തെ നിഷ്ഫലമാക്കും.