Connect with us

Kerala

ആരാധനാലയങ്ങളുടെ പവിത്രത നശിപ്പിക്കുന്നതില്‍ നിന്നും കോടതികള്‍ വിട്ടുനില്‍ക്കണം: കൂറ്റമ്പാറ

മുസ്‌ലിം പള്ളികളില്‍ അതിക്രമിച്ചു കയറി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനം ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും പാടില്ലാത്തതാണ്.

Published

|

Last Updated

മലപ്പുറം | പൊതുസമൂഹം പവിത്രമായി കണക്കാക്കുന്ന ആരാധനാലയങ്ങളുടെ പരിശുദ്ധി തകര്‍ക്കുന്ന നടപടികളില്‍ നിന്ന് ഉത്തരവാദപ്പെട്ട ന്യായാധിപന്മാരും കോടതികളും വിട്ടുനില്‍ക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി ആവശ്യപ്പെട്ടു. മലപ്പുറത്ത് സര്‍ക്കിള്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന ബഹുജന ആത്മീയ സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം പള്ളികളില്‍ അതിക്രമിച്ചു കയറി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന ഇത്തരം സമീപനം ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും പാടില്ലാത്തതാണ്. ഇത്തരം തെറ്റായ കാര്യങ്ങള്‍ക്ക് നിയമപരമായ പിന്‍ബലം നല്‍കുന്ന വിധത്തിലുള്ള കോടതികളുടെ അഭിപ്രായപ്രകടനം അത്യന്തം ഖേദകരവും അപലപനീയവുമാണ്.

ഏത് പ്രതിസന്ധി ഘട്ടത്തിലും സ്രഷ്ടാവിന്റെ വിധി വിലക്കുകള്‍ അംഗീകരിച്ച് സൗഹാര്‍ദ പൂര്‍ണമായ ജീവിതം നയിക്കലാണ് വിശ്വാസികളുടെ വഴിയെന്നും അതിനായി മഹ്‌ളറത്തുല്‍ ബദരിയ പോലുള്ള ആത്മീയ സംഗമങ്ങള്‍ ഓരോ പ്രദേശങ്ങളിലും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.

സൗഹാര്‍ദം തകര്‍ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുഴുവന്‍ ആളുകളെയും പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ തെളിമയാര്‍ന്ന ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്കാവണം. അതിന് സംഘടന നിര്‍ദേശിക്കുന്ന കര്‍മ പദ്ധതികളും മറ്റും കൃത്യമായി അവലംബിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഈ മാസം 17 മുതല്‍ അടുത്ത മാസം 10 വരെയാണ് ആത്മീയ സംഗമങ്ങള്‍ നടക്കുന്നത്. ജില്ലയിലെ 149 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചവരാണ് തന്‍ശ്വീഥ്-തര്‍ബിയ സംസ്‌കരണ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹിമാന്‍ സഖാഫി, അലിയാര്‍ ഹാജി കക്കാട് പ്രസംഗിച്ചു. സോണ്‍ പ്രസിഡന്റ് സുബൈര്‍ കോഡൂര്‍, സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, അസീസ് ഫൈസി മേല്‍മുറി, മൂസക്കുട്ടി ഹാജി സ്വലാത്ത് നഗര്‍, അബ്ദുസ്സമദ് സഖാഫി വടക്കാങ്ങര, അഹ്മദ് കോഡൂര്‍ പങ്കെടുത്തു.

 

Latest