Kerala
കൊവിഡിന് പുതിയ ടെസ്റ്റിംഗ് രീതി; രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍.പരിശോധന ചെയ്യും
ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ച ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള എല്ലാ വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്.
തിരുവനന്തപുരം| സംസ്ഥാനത്ത് കൊവിഡിന് പുതിയ ടെസ്റ്റിംഗ് രീതി ആവിഷ്‌കരിച്ചു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം ആളുകള്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ച ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള എല്ലാ വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധനയും നടത്തും. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കമുള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുക.
ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സീന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. രണ്ട് ഡോസ് വാക്സീന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാണ്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരേയും ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.
ശേഖരിക്കുന്ന സാമ്പിളുകള്‍ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ എത്രയും പെട്ടെന്ന് അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്.