National
രാജ്യത്ത് 13,091 പേര്‍ക്ക് കൂടി കൊവിഡ്; 13,878 പേര്‍ രോഗമുക്തി നേടി
നിലവിലെ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്.
ന്യൂഡല്‍ഹി| രാജ്യത്ത് 13,091 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന കൊവിഡ് രോഗബാധയില്‍ 14 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 34 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 20000 ത്തില്‍ താഴെ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 11.89 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവില്‍ രാജ്യത്ത് 1,38,556 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 266 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കുകളാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്ന് തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. 2020 മാര്‍ച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 13,878 പേര്‍ കൊവിഡ് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് ആകെ 3,38,00,925 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്.