covid brigade
റിസ്‌ക് അലവൻസ് ലഭിക്കാതെ കൊവിഡ് ബ്രിഗേഡിയർമാർ
അവസാന ആറ് മാസം ജോലി ചെയ്ത തുകയാണ് ലഭിക്കാനുള്ളത്
മലപ്പുറം | സംസ്ഥാനത്ത് 22,000ത്തോളം കൊവിഡ് ബ്രിഗേഡിയർമാർക്ക് റിസ്‌ക് അലവൻസ് നൽകാതെ സർക്കാർ. അവസാന ആറ് മാസം ജോലി ചെയ്ത തുകയാണ് ലഭിക്കാനുള്ളത്. ഒരു ദിവസത്തെ ശന്പളമായ 500 രൂപയോടൊപ്പം അനുവദിക്കുന്ന തുകയാണ് റിസ്‌ക് അലവൻസ്. ദിവസം 385 രൂപയാണ് അലവൻസായി നൽകിയിരുന്നത്.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ സെപ്തംബർ മുതൽ മൂന്ന് ഘട്ടമായി ബ്രിഗേഡിയർമാരെ പിരിച്ചുവിട്ടിരുന്നു. ഒക്ടോബർ 30 മുതൽ സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിയർമാരുടെ സേവനം ലഭ്യമല്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളെ പരിചരിക്കാൻ 40 വയസ്സിൽ താഴെയുള്ള ബ്രിഗേഡിയർമാരെ ദേശീയ ആരോഗ്യമിഷൻ വഴി താത്കാലികമായി സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലും നിയമിച്ചിരുന്നു. രോഗികളെ പരിചരിക്കൽ, ശുചീകരണം, അറ്റൻഡർമാർ, ഡോക്ടർമാർ, നഴ്‌സുമാർ എന്നീ വിഭാഗങ്ങളിലായിരുന്നു നിയമനം. സ്വന്തം തൊഴിൽ പോലും ഉപേക്ഷിച്ചാണ് പലരും ഇതിലേക്ക് വന്നത്. എന്നാൽ, പിരിച്ചുവിട്ടപ്പോൾ മിക്കവർക്കും പഴയ തൊഴിലുകളിലേക്ക് തിരിച്ചുപോകാൻ സാധിച്ചിട്ടില്ല. കൊവിഡ് ബ്രിഗേഡിയർ സർട്ടിഫിക്കറ്റുള്ളവർക്ക് എംപ്ലോയ്‌മെന്റ്, പി എസ് സി, എൻ എച്ച് എം, എച്ച് എം സി മുഖേനയുള്ള താത്കാലിക നിയമനങ്ങളിൽ മുൻഗണന നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്‌ദാനങ്ങളും നടപ്പായിട്ടില്ല. റിസ്‌ക് അലൻവസിലെ ബാക്കി തുക നൽകാൻ നടപടിയെടുക്കണമെന്നും സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും ബ്രിഗേഡിയറായിരുന്ന ജാഫർ പറഞ്ഞു.