International
കോവിഡ് കേസുകൾ വീണ്ടും കൂടുന്നു; ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസിൻ്റെ കൂടുതൽ ഗുരുതരമായ വകഭേദങ്ങൾ ഉടൻ തന്നെ വ്യാപകമായേക്കാമെന്നും യുഎൻ ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
യുണൈറ്റഡ് നാഷൻസ് | കോവിഡ് 19 പലരും മറന്നുതുടങ്ങിയതാണ്. ഇനി ഒരു ആശങ്കയ്‌ക്ക് ഇടയില്ലെന്നാണ് നമ്മൾ ധരിച്ചിരിക്കുന്നത്. എന്നാൽ അതിനെയെല്ലാം അസ്ഥാനത്താക്കി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടന (WHO)യുടെ റിപ്പോർട്ട് അനുസരിച്ച് 84 രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചെന്നാണ് പറയുന്നത്. കൊറോണ വൈറസിൻ്റെ കൂടുതൽ ഗുരുതരമായ വകഭേദങ്ങൾ ഉടൻ തന്നെ വ്യാപകമായേക്കാമെന്നും യുഎൻ ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
‘കോവിഡ് -19 ഇപ്പോഴും നമ്മോടൊപ്പമുണ്ട്. 84 രാജ്യങ്ങളിലെ ഞങ്ങളുടെ നിരീക്ഷണത്തിൽ SARS-CoV-2 നുള്ള പോസിറ്റീവ് ടെസ്റ്റുകളുടെ ശതമാനം ഏതാനും ആഴ്ചകളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്”‐ലോകാരോഗ്യ സംഘടനയുടെ ഡോ. മരിയ വാൻ കെർഖോവ് ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യൂറോപ്പിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി സമീപ ദിവസങ്ങളിൽ 20 ശതമാനത്തിന് മുകളിലാണെന്നും അവർ പറഞ്ഞു. ഡബ്ല്യുഎച്ച്ഒ കണക്കനുസരിച്ച്, പാരീസ് ഒളിമ്പിക്സിൽ 40 അത്ലറ്റുകൾക്ക് കോവിഡ് അല്ലെങ്കിൽ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, അമേരിക്ക, യൂറോപ്പ്, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലാണ് പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്‌തത്. SARS-CoV-2 ൻ്റെ വ്യാപനശേഷി രണ്ട് മുതൽ 20 മടങ്ങ് വരെ കൂടുതലാണെന്നും പറയുന്നു. വ്യക്തികൾ എന്ന നിലയിൽ, അണുബാധയുടെയും ഗുരുതരമായ രോഗത്തിൻ്റെയും സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണെന്ന് ഡോ വാൻ കെർഖോവ് പറഞ്ഞു.