International
കൊവിഡ് നിയന്ത്രണം; സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി
ഞായറാഴ്ച അര്‍ധരാത്രി മുതലാണ് ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത്.
വെല്ലിംഗ്ടണ്‍ | ഒമിക്രോണ്‍ വകഭേദം കുത്തനെ ഉയരുന്നത് തടയാന്‍ നിയന്ത്രണം കര്‍ശനമാക്കിയ ന്യൂസിലാന്‍ഡില്‍ മികച്ച മാതൃകയുമായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. സ്വന്തം വിവാഹം റദ്ദാക്കിയാണ് അവര്‍ മാതൃക കാണിച്ചത്. പരിപാടികള്‍ക്ക് പൂര്‍ണമായും വാക്‌സിനെടുത്ത 100 പേര്‍ക്ക് മാത്രം അനുമതി അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് വിവാഹം റദ്ദാക്കിയ വിവരം അവര്‍ അറിയിച്ചത്.
മഹാമാരി കാരണം വിവാഹം റദ്ദാക്കുക പോലുള്ള സുപ്രധാന നിമിഷങ്ങളിലൂടെ പല ന്യൂസിലാന്‍ഡുകാരും കടന്നുപോയിട്ടുണ്ടാകും. അവരിലൊരാളാവുകയാണ് താന്‍. നിയന്ത്രണങ്ങള്‍ കാരണം പല പരിപാടികളും മുടങ്ങുന്നതില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.
ഞായറാഴ്ച അര്‍ധരാത്രി മുതലാണ് ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്ത കുടുംബത്തില്‍ ഒമ്പതും മറ്റൊരു വിമാന ജീവനക്കാരനും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതുകാരണമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.