National
കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
ജില്ലാ തലങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും കൗമാരക്കാരിലെ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ജില്ലാ തലങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും കൗമാരക്കാരിലെ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
കൊവിഡ് വൈറസ് തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ജീനോം സീക്വന്‍സിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍, വാക്‌സിനുകള്‍, ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകള്‍ എന്നിവയില്‍ തുടര്‍ച്ചയായ ശാസ്ത്രീയ ഗവേഷണം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദൂര, ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ സംബന്ധിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്, കോവിഡ് ഇതര ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുകയും ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും പങ്കെടുത്തു. വ്യോമയാന സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഞായറാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം, 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,59,632 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 224 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അതേ സമയം, സജീവ കേസുകള്‍ 5,90,611 ആയി ഉയര്‍ന്നു. ഇത് ഏകദേശം 197 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.