covid
കൊവിഡ് നിയന്ത്രണങ്ങൾ 31 വരെ നീട്ടി
ലോകമാകെ ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കി
ന്യൂഡൽഹി | കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഈ മാസം 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോകമാകെ ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം ചില രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്തർദേശീയ യാത്രക്കാരുടെ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കണം. അന്തർദേശീയ യാത്രക്കാരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല
കൊറോണവൈറസിന്റെ വകഭേദമായ ഒമിക്രോൺ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയ രാജ്യസഭയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നുള്ള സാമ്പിളുകൾ വകഭേദം തിരിച്ചറിയുന്നതിനുള്ള പരിശോധനക്ക് വേഗത്തിൽ വിധേയമാക്കുന്നുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയും അറിയിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയവർ ഉൾപ്പെടെയുള്ളവരുടെ സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.