Connect with us

siraj editorial

കൊവിഡ് ധനസഹായവും കേരളവും

അവകാശികളെ നിർണയിക്കുന്നതുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കാൻ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. നേരത്തേ തന്നെ ഇക്കാര്യത്തിൽ ജാഗ്രത കാണിച്ചിരുന്നെങ്കിൽ കോടതിയുടെ പഴി കേൾക്കേണ്ടി വരില്ലായിരുന്നു

Published

|

Last Updated

കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ അലംബാവം കാണിച്ചതിന് സുപ്രീം കോടതിയുടെ പഴി കേൾക്കേണ്ടി വന്നു കേരളത്തിന്. നാൽപ്പതിനായിരത്തിലേറെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് സംസ്ഥാനത്ത്. നഷ്ടപരിഹം ആവശ്യപ്പെട്ടുള്ള പതിനായിരത്തിലേറെ അപേക്ഷകളും ലഭിച്ചിട്ടുണ്ട്. എന്നിട്ടും വെറും 548 പേർക്ക് മാത്രമാണ് ഇതിനകം നഷ്ടപരിഹാരം വിതരണം ചെയ്തത്. ഇത് പരിതാപകരമാണെന്ന് കുറ്റപ്പെടുത്തിയ ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബി വി നഗരത്‌ന എന്നിവരടങ്ങിയ ബഞ്ച്, കൊവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമസംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും അവശേഷിച്ച അപേക്ഷകൾ എത്രയും വേഗം പരിശോധിച്ച് ഒരാഴ്ചക്കകം തുക വിതരണം ചെയ്യണമെന്നും നിർദേശിച്ചു. പൊതുപ്രവർത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാർ ബൻസൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയായിരുന്നു പരമോന്നത കോടതിയുടെ വിമർശം.

കേരളത്തെ മാത്രമല്ല, കൊവിഡ് മരണ നഷ്ടപരിഹാര വിതരണത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കാത്ത മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെയും കോടതി വിമർശിച്ചു. 1.41 ലക്ഷം പേർ മരിച്ച മഹാരാഷ്ട്രയിൽ 87,000 അപേക്ഷകൾ ലഭിച്ചപ്പോൾ നഷ്ടപരിഹാരം വിതരണം ചെയ്തത് 1,658 പേർക്ക് മാത്രമാണ്. ഇതിൽ അസംതൃപ്തി പ്രകടിപ്പിച്ച കോടതി അർഹരായവർക്ക് 10 ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യാൻ മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടു. അതേസമയം ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നഷ്ടപരിഹാര വിതരണത്തിൽ ഏറെ മുന്നിലാണ്. ഗുജറാത്ത് സർക്കാറിന്റെ ഔദ്യോഗിക കണക്കനുസരിച്ച് അവിടെ കൊവിഡ് മൂലം മരിച്ചത് 10,100 പേർ മാത്രമാണ്. എന്നാൽ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ കണക്കനുസരിച്ചു 24,000 കുടുംബങ്ങൾക്ക് ഇതിനകം നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. സർക്കാർ കണക്കിൽ മരണം പതിനായിരമാണെങ്കിലും നഷ്ടപരിഹാരം തേടി 40,000 അപേക്ഷകൾ ലഭിച്ചുവത്രെ. 22,915 പേർ മരിച്ച ഉത്തർപ്രദേശിൽ ഏതാണ്ട് അത്ര തന്നെ അപേക്ഷ ലഭിച്ചു. ഇതിൽ 20,060 പേർക്ക് തുക നൽകി. കേരളത്തിൽ മരണം 44,189 ആണ്. സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാറിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 221 മരണങ്ങളും ഉൾപ്പെടെയാണിത്. ഇവരിൽ 10,777 പേരുടെ ബന്ധുക്കളാണ് ഇതുവരെ സഹായത്തിന് അപേക്ഷിച്ചത്. അടുത്ത ബന്ധുവാരെന്ന കാര്യത്തിൽ കൃത്യത ഉറപ്പാക്കേണ്ടതിനാലാണ് നഷ്ടപപരിഹാര വിതരണത്തിന് കാലതാമസം നേരിടുന്നതെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മാത്രമല്ല, നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ടുള്ള അപേക്ഷകളും കുറവാണ്. നഷ്ടപരിഹാര വിഷയത്തിൽ സംസ്ഥാന സർക്കാറുകൾ വേണ്ടത്ര പ്രചാരണം നൽകാത്തതു കൊണ്ടാണ് അപേക്ഷ കുറഞ്ഞതെന്നാണ് കോടതിയുടെ നിരീക്ഷണം. നേരത്തേ പരസ്യം നൽകുന്നതിൽ വൈമുഖ്യം കാട്ടിയ ഗുജറാത്ത് സർക്കാർ കോടതി നിർദേശത്തെ തുടർന്ന് വ്യാപക പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് അവിടെ അപേക്ഷകരുടെ എണ്ണം വർധിച്ചത്. ഗുജറാത്തിന്റെ രീതി കേരളവും പിന്തുടരണമെന്ന് കോടതി ആവശ്യപ്പെടുകയുണ്ടായി.

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ സപ്രീംകോടതിയെ സമീപിച്ചതിന്റെ അടസ്ഥാനത്തിൽ, കോടതി നിർദേശ പ്രകാരമാണ് അരലക്ഷം വീതം ധനസഹായം നൽകാൻ കേന്ദ്രം സമ്മതിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് സാമ്പത്തിക സഹായത്തിനുള്ള മാർഗരേഖ തയാറാക്കിയത്. നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജികൾ കോടതി മുമ്പാകെ വന്നിരുന്നു. ഇത്രയും തുക സംസ്ഥാന സർക്കാറുകൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണെന്ന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നാല് ലക്ഷം വീതം നൽകിയാൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുകയും ഉപയോഗിക്കേണ്ടി വന്നേക്കാമെന്നും മറ്റ് മഹാമാരികളെയോ ദുരന്തങ്ങളെയോ നേരിടുന്നതിന് മതിയായ ഫണ്ടില്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനങ്ങളെ ഇതെത്തിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതോടെയാണ് സഹായം അമ്പതിനായിരം രൂപയായി പരിമിതപ്പെടുത്തിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ സി എം ആറും പുറത്തിറക്കിയ മാർഗരേഖ പ്രകാരം കൊവിഡ് മരണമെന്ന് രേഖപെടുത്തിയ മരണങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവർക്കും മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായി കൊവിഡ് മരണം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കിയിരുന്നു. കൊവിഡ് വന്ന് 30 ദിവസത്തിനകത്തുള്ള മരണങ്ങൾ കൊവിഡ് മരണമായി കണക്കാക്കും. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതു മുതൽ കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള മരണങ്ങൾക്ക് ധനസഹായം ബാധകമാണ്. ഭാവിയിയിൽ ഉണ്ടായേക്കാവുന്ന കൊവിഡ് മരണങ്ങൾക്കും ഈ മാർഗരേഖ പ്രകാരം നഷ്ടപരിഹാരം നൽകണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് സഹായത്തുക വിതരണം ചെയ്യേണ്ടത്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബേങ്ക് അക്കൗണ്ടിലാണ് തുക വരിക.

കേരളത്തിലെ കൊവിഡ് മരണ നിരക്കിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പേർക്കും സഹായം വിതരണം ചെയ്യണമെങ്കിൽ 220 കോടി രൂപയിലേറെ വേണം. കൊവിഡുമായി ബന്ധപ്പെട്ട് നേരത്തേ നിരവധി സഹായങ്ങൾ അനുവദിക്കുകയും സാമ്പത്തിക പ്രയാസത്തിൽ നട്ടം തിരിയുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബാധ്യതയാണ്. എങ്കിലും ദേശീയ ദുരന്തമെന്ന നിലയിലും കൊവിഡ് ജനജീവിതത്തിൽ സൃഷ്ടിച്ച പ്രതിസന്ധികളും കണക്കിലെടുത്ത് ധനസഹായം എത്രയും വേഗം വിതരണം ചെയ്യേണ്ടതാണ്. അവകാശികളെ നിർണയിക്കുന്നതുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കാൻ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. നേരത്തേ തന്നെ ഇക്കാര്യത്തിൽ ജാഗ്രത കാണിച്ചിരുന്നെങ്കിൽ കോടതിയുടെ പഴി കേൾക്കേണ്ടി വരില്ലായിരുന്നു.

Latest