Kuwait
കൊവിഡ്; മുഴുവന്‍ നിയന്ത്രണങ്ങളും നീക്കി കുവൈത്ത്, തീരുമാനം മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍
വാക്‌സിനേഷന്‍ നടത്താത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഹാജരാകുന്നതിന് ഏര്‍പ്പെടുത്തിയ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ നിബന്ധനയും റദ്ദാക്കി.
കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം അറിയിച്ചു. വാക്‌സിനേഷന്‍ നടത്താത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഹാജരാകുന്നതിന് ഏര്‍പ്പെടുത്തിയ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ നിബന്ധനയും റദ്ദാക്കി. തുറന്നതും അടച്ചതുമായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഐച്ഛികമാക്കി. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടതാണ്.
പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും പി സി ആര്‍ പരിശോധന കൂടാതെ അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയവരാണെങ്കിലും അല്ലെങ്കിലും ക്വാറന്റൈന്‍ അനുഷ്ഠിക്കേണ്ടതില്ല. എന്നാല്‍ അവസാനമായി സമ്പര്‍ക്കം പുലര്‍ത്തിയ തീയതി മുതല്‍ 14 ദിവസത്തേക്ക് ഇവര്‍ മാസ്‌ക് ധരിക്കേണ്ടതാണ്. കൂടാതെ സമ്പര്‍ക്കം പുലര്‍ത്തിയ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ പി സി ആര്‍ പരിശോധന നടത്തേണ്ടതുമാണ്. രോഗബാധിതരായ വ്യക്തികള്‍ അണുബാധയുടെ തീയതി മുതല്‍ അഞ്ച് ദിവസത്തേക്ക് മാസ്‌ക് ധരിക്കുകയും ഹോം ക്വാറന്റൈന്‍ അനുഷ്ഠിക്കുകയും വേണം. വിദേശത്ത് നിന്ന് വരുന്ന പ്രതിരോധ കുത്തിവെപ്പ് നടത്തിയവരും അല്ലാത്തവരുമായ മുഴുവന്‍ യാത്രക്കാര്‍ക്കും പി സി ആര്‍ പരിശോധന ആവശ്യമില്ല. തീരുമാനം മെയ് ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക.