Connect with us

International

സഊദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; വിദേശ യാത്രക്കാർ ക്വാറന്റീനിൽ കഴിയേണ്ടതില്ല

സഊദിയിലേക്ക് വരുന്നതിന്  മുമ്പ് പിസിആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

Published

|

Last Updated

ദമാം | സഊദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ  മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് ദൈവത്തിന് നന്ദിയെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു.

മക്കയിലെ മസ്ജിദുൽ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി.  അതേസമയം മാസ്ക് ധരിക്കൽ നിർബന്ധമാക്കുന്നത് തുടരും. പൊതുസ്ഥലങ്ങളിൽ  സാമൂഹിക അകലം പാലിക്കലും ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ രണ്ട് ഡോസ് വാക്സിൻ എടുക്കാതെ രാജ്യത്തേക്ക് വരുന്നവർ, സന്ദർശക, വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർ എന്നിവർ നിർബന്ധിത കൊറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയും സഊദിയിലേക്ക് വരുന്നതിന്  മുമ്പ് പിസിആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഇവർ സഊദിയിൽ  താമസിക്കുന്ന കാലയളവിൽ കൊറോണ വൈറസ് (കൊവിഡ്-19) രോഗത്തിന്റെ ചികിത്സാ കവറേജ് ലഭിക്കുന്ന ഇൻഷൂറൻസ് നിർബന്ധമാണ്. ഇരുഹറമുകളിൽ പ്രവേശിക്കുന്നതിനും സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന സമയത്തും പൊതു ഗതാഗത്തിനും തവക്കൽന കാണിക്കണം.

സിറാജ് പ്രതിനിധി, ദമാം

Latest