Health
കൊവിഡ്; രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം | രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ടതില്ല. ആശുപത്രി ചികിത്സയിലും ഐ സി യു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്ന് മന്ത്രി പറഞ്ഞു.