National
കൊവിഡ് പ്രതിരോധം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്
രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ന്യൂഡല്‍ഹി | ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗം ഇന്ന്. രാവിലെ 11 ന് ഡല്‍ഹിയിലാണ് യോഗം ചേരുക. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേ സമയം രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് തിരുമാനം.
നിയന്ത്രണങ്ങള്‍ ഇല്ലാതെ കൊവിഡ് പരിശോധന കര്‍ശനമാക്കുന്നത് അടക്കമുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കും. പുതിയ വകഭേഭങ്ങള്‍ രാജ്യത്ത് ഉണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികളോട് സഹകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.