National
കൊവിഡ് വ്യാപനം വീണ്ടും; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ
ന്യൂഡല്‍ഹി | വിദേശ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് രാജ്യത്ത് ജാഗ്രത വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സെക്രട്ടറി, നിതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ നിര്‍ബന്ധമായും ജനിതക ശ്രേണീകരണത്തിന് അയക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെക്കണമെന്ന് കേന്ദ്രം രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.