International
കൊവിഡ്: മൂന്നാം ഡോസ് സ്വീകരിക്കുന്നത് മരണനിരക്ക് 90 ശതമാനം കുറയ്ക്കുന്നതായി പഠനം
ഹോങ്കോങ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
വിക്ടോറിയ സിറ്റി | കൊവിഡിനെതിരായ മൂന്നാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് കൊറോണ വൈറസ് ബാധിച്ചുള്ള മരണങ്ങളെ 90 ശതമാനത്തോളം തടയുമെന്ന് പഠനം. ഉയര്‍ന്ന തോതിലുള്ള കൊവിഡ് വ്യാപനം കടുത്ത ഭീഷണി സൃഷ്ടിക്കുന്നതിനിടെയാണ് കണ്ടെത്തല്‍. ഹോങ്കോങ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
‘കൊറോണ വാക്‌സിനായ ബിഎന്‍ടി162ബി2 സ്വീകരിക്കുന്നത് കൊവിഡ്-19 ഉമായി ബന്ധപ്പെട്ട മരണങ്ങള്‍ വലിയതോതില്‍ കുറയ്ക്കുമെന്ന് കണ്ടെത്തി.’- സര്‍വകലാശാലയിലെ എസ്തര്‍ ചാന്‍ പറഞ്ഞു. അമിത രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ രണ്ടോ മൂന്നോ ഗുരുതര രോഗങ്ങള്‍ ബാധിച്ച 18 വയസും അതിന് മുകളിലുമുള്ള, 2021 നവംബറിനും 2022 മാര്‍ച്ചിനും ഇടയില്‍ കൊവിഡ് മൂന്നാം ഡോസ് സ്വീകരിച്ചവരും രണ്ട് ഡോസ് മാത്രം സ്വീകരിച്ചവരും തമ്മിലുള്ള താരതമ്യ പഠനമാണ് ഗവേഷകര്‍ നടത്തിയത്.
ഹോങ്കോങില്‍ കൊവിഡ് ഒമിക്രോണ്‍ (ബിഎ.2) വകഭേദം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് 2021 അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഹോങ്കോങിലെ ജനസംഖ്യ (75 ലക്ഷം) കണക്കിലെടുക്കുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 മരണ നിരക്ക് ഇവിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 നവംബറിനും 2022 ഏപ്രിലിനും ഇടയില്‍ രാജ്യത്തെ ഭൂരിഭാഗം പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു.
‘കൃത്യസമയത്ത് കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികള്‍ മരണസംഖ്യ കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രത്യേകിച്ചും രണ്ടോ മൂന്നോ ഗുരുതര അസുഖങ്ങള്‍ ബാധിച്ചിട്ടുള്ളവര്‍ക്കിടയില്‍.’- ഹോങ്കോങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ്‌കോ ലേ പറഞ്ഞു.