Covid Kerala
കൊവിഡ് മൂന്നാം തരംഗം: 48 ആശുപത്രികളിലായി പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി
ഇതില്‍ പകുതിയിലധികവും മൂന്ന് മാസത്തിനുള്ളില്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി
തിരുവനന്തപുരം | കൊവിഡ് മൂന്നാം തരംഗ മുന്നൊരുക്കമായി വിവിധ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ പകുതിയിലധികവും മൂന്ന് മാസത്തിനുള്ളില്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച് ഡി യു കിടക്കകള്‍, 96 ഐ സി യു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മൂന്നാം തരംഗത്തെ നേരിടാന്‍ വലിയ തോതില്‍ തയ്യാറെടുപ്പ് നടത്തിവരികയാണ്. ആശുപത്രികളില്‍ ഐസിയു, ഓക്‌സിജന്‍ കിടക്കകള്‍ വര്‍ധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് നടത്തിയ അവലോകന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.കോവിഡ് പ്രതിരോധിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കണ്‍ട്രോള്‍ റൂം ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു.