Connect with us

Covid vaccination

രാജ്യത്ത് കൊവിഡ് വാക്‌സീനേഷന്‍ ഡ്രൈവ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വാക്‌സീനേഷന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ഇന്ന് കേന്ദ്രം പ്രത്യേക പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെതിരായ പ്രതിരോധ വാക്‌സീനേഷന്‍ ഡ്രൈവ് രാജ്യത്ത് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 16 നായിരുന്നു രാജ്യത്തെ മാസ് കൊവിഡ് വാക്‌സീനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരുന്നു വാക്‌സീന്‍ നല്‍കിയത്. ഫെബ്രുവരി രണ്ടിന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ മറ്റ് കൊവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സീന്‍ നല്‍കിത്തുടങ്ങി. മാര്‍ച്ച് ഒന്നനാണ് സാധാരണ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത്. അന്ന് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കുമായിരുന്നു വാക്‌സീന്‍ നല്‍കിയത്. തുടര്‍ന്ന് മെയ് ഒന്നു മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ കുത്തിവെക്കാനുള്ള അനുമതി കേന്ദ്രം നല്‍കി. നിലവിലെ ഏറ്റവും അവസാന ഘട്ടം ആരംഭിച്ചത് ഈ വര്‍ഷം ജനുവരി മൂന്നിനായിരുന്നു. 15-18നും ഇടയിലുള്ള കൗമാരക്കാര്‍ക്ക് വാക്‌സീന്‍ നല്‍കാനായിരുന്നു ഈ ഘട്ടത്തില്‍ തീരുമാനം.

രാജ്യത്ത് ഇതുവരെ 156.76 കോടി ഡോസ് വിതരണം ചെയ്തതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മുതിര്‍ന്നവരില്‍ 92 ശതമാനം പേരും ഒരു ഡോസെങ്കിലും എടുത്തതായും 68 ശതമാനം രണ്ട് ഡോസും എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും മുന്‍കരുതല്‍ ഡോസായ ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. വാക്‌സീനേഷന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ഇന്ന് കേന്ദ്രം പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും.

Latest