National
പുതുച്ചേരിയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി; സ്വീകരിച്ചില്ലെങ്കില്‍ നടപടി
രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്.
പുതുച്ചേരി| കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടര്‍ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്റെ 8, 54(1) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്. നൂറുശതമാനം വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ തുടരുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞു. ഇന്നലെ 28 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ1,29,056 പേര്‍ക്ക് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഗുജറാത്തിലെ ജാംഗനറില്‍ രോഗം സ്ഥിരീകരിച്ച 72 കാരന്റെ സമ്പര്‍ക്ക പട്ടികയിലെ 10 പേരുടെ ഫലം രണ്ട് ദിവസത്തിനകം കിട്ടിയേക്കും. എന്നാല്‍ കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നെന്നും ഇവര കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.