Connect with us

National

കൊവിഡ്: ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ; സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോമില്‍

Published

|

Last Updated

ന്യൂഡല്‍ഹി |കൊവിഡ് കേസുകള്‍ അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്താനും അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനിച്ചതായി ഡല്‍ഹി ഉമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. രാത്രി കര്‍ഫ്യൂവിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങള്‍. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളിലോ അടിയന്തര സാഹചര്യത്തിലോ മാത്രമേ പുറത്തിറങ്ങാവൂവെന്ന് സിസോദിയ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാവൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജനത്തിരക്ക് കണക്കിലെടുത്ത് മെട്രോയിലും ബസിലും പൂര്‍ണതോതില്‍ ആളെ കയറ്റാന്‍ അനുമതി നല്‍കി. നേരത്തെ ഇത് 50 ശതമാനമായി കുറച്ചിരുന്നു.

ഡല്‍ഹിയില്‍ പുതുതായി വരുന്ന കോവിഡ് കേസുകളില്‍ 80 ശതമാനവും ഒമിക്രോണ്‍ കേസുകളാണ്. ഒമിക്രോണ്‍ അണുബാധ നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെങ്കിലും അതിന് അതീവ വ്യാപന ശേഷിയുണ്ട്. നിലവില്‍ ഒമിക്രോണ്‍ ബാധിച്ച 350 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 124 പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ പിന്തുണ ആവശ്യമായി വന്നത്. ഏഴ് പേര്‍ വെന്റിലേറ്ററിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8.37 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Latest