Connect with us

Editorial

കേരളം ഏട്ടിലെ പശു

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരന്തരം പകര്‍ച്ച വ്യാധികള്‍ വേട്ടയാടുന്ന കേരളത്തിന് ഇത്തവണ എന്തായാലും എയിംസ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖ അനുബന്ധ വികസനത്തിന് 5,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

Published

|

Last Updated

കരുത്തുറ്റ പ്രതിപക്ഷത്തിനും ഘടക കക്ഷികള്‍ക്കുമിടയില്‍ മോദി സര്‍ക്കാര്‍ നേരിടുന്ന കടുത്ത സമ്മര്‍ദത്തെ പ്രതിഫലിപ്പിക്കുന്നതാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റ്. ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി നല്‍കിയിട്ടുണ്ട് ബജറ്റില്‍. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, കായിക സ്ഥാപനങ്ങള്‍, എക്‌സ്പ്രസ്സ് ഹൈവേകള്‍, 2,400 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി, ഗയ, രാജ്ഗില്‍ എന്നിവയെ ഉള്‍പ്പെടുത്തി പ്രത്യേക ക്ഷേത്ര ഇടനാഴി തുടങ്ങി വിവിധ പദ്ധതികള്‍ക്കായി 37,500 കോടി രൂപയാണ് ബിഹാറിനു നീക്കിവെച്ചത്. ആന്ധ്രാപ്രദേശിന് തലസ്ഥാന നഗരിയായ അമരാവതിയുടെ വികസനത്തിനായി 1,500 കോടി രൂപ പ്രഖ്യാപിച്ചു. പോളാവരം ജല സേചന പദ്ധതി, ഹൈദരാബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖ പട്ടണം വ്യവസായ ഇടനാഴി തുടങ്ങി മറ്റു വിവിധ പദ്ധതികളുമുണ്ട് ആന്ധ്രക്ക്.

തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാത്ത ബി ജെ പി, നിതീഷ് കുമാര്‍ നയിക്കുന്ന ബിഹാറിലെ ജനതാദള്‍ യുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശിലെ ടി ഡി പിയുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. മോദി സര്‍ക്കാര്‍ ഇത്തവണ അധികാരത്തിലേറിയ ഉടനെ ബിഹാറിനും ആന്ധ്രക്കും പ്രത്യേക പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു നിതീഷും ചന്ദ്രബാബു നായിഡുവും. എന്നാല്‍ പ്രത്യേക പദവി അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഘടക കക്ഷികളെ പിണക്കുന്നത് സര്‍ക്കാറിന്റെ ഭാവിയെ ബാധിക്കുമെന്ന ബോധ്യം മോദിക്കുണ്ട്. ഇതാണ് ബജറ്റില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പാക്കേജുകള്‍ അനുവദിച്ച പശ്ചാത്തലം.
ബി ജെ പി ആധിപത്യത്തിലുള്ള സംസ്ഥാനങ്ങള്‍ക്കും ബജറ്റ് പ്രത്യേക പരിഗണന നല്‍കുന്നു. അതേസമയം ബി ജെ പി ഇതര സംസ്ഥാനങ്ങളോട് വിശേഷിച്ചും കേരളത്തോട് ചിറ്റമ്മ നയമാണ് കാണിച്ചത്. സംസ്ഥാനത്ത് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും, കേരളം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടെ ഒരു പദ്ധതിയും അനുവദിച്ചില്ല. 2014ല്‍ കേരളത്തിന് വാഗ്ദാനം ചെയ്തതാണ് എയിംസ്. ഇതിനായി കോഴിക്കോട് കിനാലൂരില്‍ കേരള സര്‍ക്കാര്‍ ഭൂമി കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ 22 എയിംസുകള്‍ തുടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തെ മാറ്റിനിര്‍ത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരന്തരം പകര്‍ച്ച വ്യാധികള്‍ വേട്ടയാടുന്ന കേരളത്തിന് ഇത്തവണ എന്തായാലും എയിംസ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖ അനുബന്ധ വികസനത്തിന് 5,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. തുറമുഖ അനുബന്ധ പദ്ധതികള്‍ നടപ്പായിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനും രാജ്യത്തിനും വന്‍സാമ്പത്തിക നേട്ടമുണ്ടാകുമായിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ പ്രത്യേക സാമ്പത്തിക സഹായം, പ്രളയദുരിതം നേരിടാനുള്ള സഹായം, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതകള്‍, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതാ നിര്‍മാണത്തിന് ധനസഹായം, ദേശീയ പാതക്ക് സ്ഥലം ഏറ്റെടുക്കാന്‍ ചെലവിട്ട 6,000 കോടി രൂപക്ക് തുല്യതുക ഉപാധിരഹിത വായ്പയെടുക്കാന്‍ അനുമതി തുടങ്ങിയ ആവശ്യങ്ങളും നിരസിക്കപ്പെട്ടു. കേരളത്തില്‍ നിന്ന് ഒരു എം പിയെ തന്നാല്‍ സംസ്ഥാനത്ത് വന്‍ വികസനം വരുത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുമ്പ് ബി ജെ പി നേതാക്കള്‍ വാഗ്ദാനം ചെയ്തത്. തൃശൂരില്‍ നിന്ന് സുരേഷ് ഗോപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം മോദിയും കൂട്ടരും മനപ്പൂര്‍വം വിസ്മരിച്ചു. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടതു പോലെ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറന്നപ്പോള്‍ കേരളത്തിന്റെ അക്കൗണ്ട് പൂട്ടുകയായിരുന്നു മോദി സര്‍ക്കാര്‍.
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇത് സാധ്യമാകണമെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് തിങ്കളാഴ്ച പാര്‍ലിമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ഉണര്‍ത്തുന്നു. ബി ജെ പി ഇതര സംസ്ഥാനങ്ങളെ അവഗണിച്ച് മുന്നോട്ടു പോയാല്‍ എങ്ങനെ വികസിത ഇന്ത്യ എന്ന സ്വപ്‌നം പൂവണിയും?

അടിസ്ഥാന വികസന സൗകര്യത്തിന് 11.11 ലക്ഷം കോടി രൂപ, പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി വീടുകള്‍, ഗ്രാമ വികസനത്തിനായി 2.66 ലക്ഷം കോടി, സ്ത്രീകളുടെ ഉന്നമനത്തിന് മൂന്ന് ലക്ഷം കോടി, 100 നഗരങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, വിദ്യാഭ്യാസ-നൈപുണി മേഖലകള്‍ക്ക് 1.48 ലക്ഷം കോടി, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്ത് ലക്ഷം കോടി രൂപ വരെ വായ്പ, ഒരു കോടി വീടുകള്‍ക്ക് സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സഹായം, രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം, അടിസ്ഥാന വികസനത്തിന് സംസ്ഥാനങ്ങളെ പിന്തുണക്കുന്നതിന് 1.5 ലക്ഷം കോടി രൂപ, ആദായ നികുതി സ്ലാബുകളില്‍ പരിഷ്‌കരണം തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന ബേങ്കുകളുടെ സഹായത്തോടെ നടപ്പാക്കേണ്ടതാണ് അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ വായ്പ തുടങ്ങി പദ്ധതികളില്‍ പലതും. ഈ വിഷയത്തില്‍ ബേങ്കുകളെ പിന്തുണക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലാത്തത് പദ്ധതി നടത്തിപ്പുകളെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. സാമ്പത്തിക സര്‍വേ റിപോര്‍ട്ട് നല്‍കുന്ന ചിത്രവും അത്ര ശുഭകരമല്ല.

Latest