Editorial
ഗോമൂത്രവും പൊള്ളയായ അവകാശവാദങ്ങളും
ഗോമൂത്രത്തില്‍ 14 തരം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യ ശരീരത്തില്‍ അണുബാധക്ക് ഇടയാക്കുമെന്നുമാണ് ഐ വി ആര്‍ ഐ പഠനം കണ്ടെത്തിയത്. റിസര്‍ച്ച് ഗേറ്റ് എന്ന ഓണ്‍ലൈന്‍ റിസര്‍ച്ച് വെബ്സൈറ്റ് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗോമൂത്രത്തിന് രോഗപ്രതിരോധ ശേഷിയുണ്ടെന്ന ഹിന്ദുത്വരുടെ അവകാശവാദത്തെ പൊളിച്ചടുക്കുന്നതാണ് രാജ്യത്തെ പ്രമുഖ മൃഗ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ വി ആര്‍ ഐ) ഗവേഷണ ഫലം. ഗോമൂത്രത്തില്‍ 14 തരം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യ ശരീരത്തില്‍ അണുബാധക്ക് ഇടയാക്കുമെന്നുമാണ് ഐ വി ആര്‍ ഐ പഠനം കണ്ടെത്തിയത്. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇ-കോളി ഉള്‍പ്പെടെയുള്ള ബാക്ടീരിയകളാണ് ഗോമൂത്രത്തില്‍ അടങ്ങിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഐ വി ആര്‍ ഐയിലെ എപ്പിഡെമിയോളജി വിഭാഗം മേധാവിയായ ഭോജ് രാജ് സിംഗ് വെളിപ്പെടുത്തി. ഒരു സാഹചര്യത്തിലും ഗോമൂത്രം മനുഷ്യന് നിര്‍ദേശിക്കാവുന്നതല്ലെന്ന് ഭോജ് രാജ് സിംഗ് പറഞ്ഞു.
ആരോഗ്യമുള്ള പശുക്കളില്‍ നിന്നും കാളകളില്‍ നിന്നുമുള്ള മൂത്രത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് ഭോജ് രാജ് സിംഗും സംഘവും ഗവേഷണം നടത്തിയത്. ഗോമൂത്രം ആന്റിബാക്ടീരിയല്‍ ആണെന്ന ധാരണയെ തിരുത്തുന്നതാണ് പുതിയ പഠനം. അതേസമയം ചിലതരം ബാക്ടീരിയകള്‍ക്ക് എതിരെ എരുമയുടെ മൂത്രം ഫലപ്രദമാണെന്ന് പഠന റിപോര്‍ട്ട് പറയുന്നു. ശുദ്ധീകരിച്ച ഗോമൂത്രം ഉപയോഗിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകില്ലെന്ന് ചിലര്‍ പറയുന്നുണ്ട്. ഞങ്ങള്‍ അതിനെ കുറിച്ച് ഗവേഷണം നടത്തുകയാണെന്നും ഭോജ് രാജ് സിംഗ് പറഞ്ഞു. റിസര്‍ച്ച് ഗേറ്റ് എന്ന ഓണ്‍ലൈന്‍ റിസര്‍ച്ച് വെബ്സൈറ്റ് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തേ പാശ്ചാത്യ വിദഗ്ധരും, പശുക്കളുടെ വിസര്‍ജ്യത്തില്‍ മെഡിക്കല്‍ ഗുണങ്ങളുണ്ടെന്ന വാദത്തെ നിഷേധിച്ചിരുന്നു.
പശുവിന് മഹത്വം കല്‍പ്പിക്കുന്ന ഹിന്ദുത്വ വിശ്വാസത്തില്‍ നിന്ന് ഉള്‍ത്തിരിഞ്ഞു വന്നതാണ് യഥാര്‍ഥത്തില്‍ ഗോമൂത്രത്തിനുള്ള മഹത്വവും രോഗപ്രതിരോധ ശേഷി വിശ്വാസവും. മഹാഭാരതം പശുവിനെ ഒരു വിശുദ്ധ മൃഗമായും ദേവതകളുടെ മാതാവായുമാണ് സങ്കല്‍പ്പിക്കുന്നത്. ‘പശുക്കള്‍ പവിത്രമാണ്. പ്രപഞ്ചത്തിന്റെ അഭയസ്ഥാനമാണ്. എല്ലാ ദിവസവും രാവിലെ ആളുകള്‍ അവയെ ബഹുമാനത്തോടെ വണങ്ങണം. അതിന്റെ മൂത്രവും ചാണകവും വെറുക്കരുത്. പശു വസ്തുവിന് കേടുവരുത്തിയാലും കടയില്‍ നിന്ന് ഭക്ഷിച്ചാലും വീട്ടില്‍ മൂത്രമൊഴിച്ചാലും അതിനെ ശല്യപ്പെടുത്തരുത്’- മഹാഭാരതം അനുശാസിക്കുന്നു. ഗോമൂത്രത്തില്‍ ദേവിയും അമ്മയും ഗംഗയും വസിക്കുന്നതായി ഹിന്ദു പുരാതന ഗ്രന്ഥങ്ങളില്‍ കാണാം. ഈ വിശ്വാസത്തില്‍ നിന്നാണ് പശുവിന്റെ മൂത്രത്തിനും ചാണകത്തിനുമൊക്കെ ആരോഗ്യ ഗുണങ്ങളുണ്ടെന്ന വിശ്വാസം വളര്‍ന്നു വന്നത്. ഹൈന്ദവരുടെ മതപരമായ ചടങ്ങുകള്‍ നടക്കുമ്പോള്‍ ആദ്യം അവിടം ചാണകം ഉപയോഗിച്ച് ശുദ്ധീകരിക്കുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്.
ഇതിനിടെ ഗോമൂത്രത്തിനും ചാണകത്തിനും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കുന്ന ഗവേഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധരോട് ആവശ്യപ്പെടുകയും ഇതടിസ്ഥാനത്തിലുള്ള ചില ‘ഗവേഷണ’ ഫലങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് 2020 ഫെബ്രുവരിയില്‍ അഞ്ഞൂറിലധികം ശാസ്ത്രജ്ഞര്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കുകയുണ്ടായി. പശുവുമായി ബന്ധപ്പെട്ട് ചിലര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങളെ സ്ഥിരീകരിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം ഗവേഷണങ്ങള്‍ അംഗീകരിക്കാവതല്ലെന്നും സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു. വസ്തുനിഷ്ഠമായ ശാസ്ത്രീയ അന്വേഷണത്തിലൂടെയല്ല ഗോമൂത്രത്തെ മഹത്വവത്കരിക്കാനുള്ള ശ്രമം നടക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോമൂത്രത്തിലും മനുഷ്യ മൂത്രത്തിലും അടങ്ങിയ ഘടകങ്ങള്‍ ഏറെക്കുറെ തുല്യമാണെന്നും ഗോമൂത്രത്തിന് മാത്രമായി ചില സവിശേഷതകളുണ്ടെന്നു പറയുന്നത് അര്‍ഥശൂന്യമാണെന്നുമാണ് പ്രമുഖ ഇ എന്‍ ടി സര്‍ജന്‍ അരുണ്‍ മിശ്ര പറയുന്നത്. രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി വൃക്കകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് മൂത്രം. പശു മൂത്രവും മനുഷ്യന്റെ മൂത്രവും അടിസ്ഥാനപരമായി വെള്ളം, യൂറിയ, സോഡിയം, ക്ലോറൈഡ്, സള്‍ഫേറ്റ്, ഫോസ്ഫേറ്റ്, പൊട്ടാസ്യം, ക്രിയാറ്റിനിന്‍, അമോണിയ, യൂറിക് ആസിഡ് മുതലായവ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഫലത്തില്‍, ഗോമൂത്രം മനുഷ്യ മൂത്രത്തില്‍ നിന്ന് വളരെ വ്യത്യസ്തമല്ല, എന്നിരിക്കെ ഇതിലൊന്ന് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് 2019 മെയില്‍ ദ വയറില്‍ എഴുതിയ ലേഖനത്തിലാണ് ഡോ. അരുണ്‍ മിശ്ര വ്യക്തമാക്കിയത്.
ഗോമൂത്രത്തിന് രോഗപ്രതിരോധ ശേഷിയുണ്ടെന്ന അശാസ്ത്രീയ നിരീക്ഷണങ്ങളുടെയും ഏകപക്ഷീയമായ ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആയുഷ്മാന്‍ അടക്കം രാജ്യത്ത് പല മരുന്ന് കമ്പനികളും ഗോമൂത്രം ഉപയോഗിച്ചുള്ള മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ആയുര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്‌നോവിലെയും പിലിഭിത്തിലെയും ഫാര്‍മസികളിലും മറ്റു സ്വകാര്യ യൂനിറ്റുകളിലും ഗോമൂത്രം തുടങ്ങിയവ ഉപയോഗിച്ചുള്ള മരുന്ന് നിര്‍മാണം നടത്തുന്നുണ്ട്. ആയുഷ്മാന്‍ മന്ത്രാലയം ക്യാന്‍സര്‍ രോഗത്തിനടക്കം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ വികസിപ്പിക്കുന്നതായി 2019 സെപ്തംബറില്‍ അന്നത്തെ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ വെളിപ്പെടുത്തുകയുണ്ടായി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി നിര്‍മ്മിക്കുന്ന ‘പഞ്ചഗവ്യ ഘൃത’ത്തില്‍ ഗോമൂത്രവും ചാണകവും ചേര്‍ക്കുന്നുണ്ട്. ഗോമൂത്രത്തില്‍ അപകടകാരികളായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന ഐ വി ആര്‍ ഐയുടെ പുതിയ ഗവേഷണ ഫലം ഇത്തരം മരുന്നു നിര്‍മാതാക്കളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കേണ്ടതാണ്.