From the print
കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതക്കെതിരെ സി പി ഐ
തുരങ്കപാതയെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കൽപ്പറ്റ| ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ്, കേന്ദ്ര അനുമതി ലഭിക്കുന്ന മുറക്ക് നിർമാണത്തിലേക്ക് കടക്കാനിരിക്കുന്ന കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാതക്കെതിരെ സംസ്ഥാന സർക്കാറിലെ പ്രധാന കക്ഷിയായ സി പി ഐ രംഗത്ത്. തുരങ്കപാതയെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തിന്റെ ദുർബല പ്രദേശങ്ങളിൽ നടക്കുന്ന എല്ലാ അനധികൃത പ്രവൃത്തികൾക്കെതിരെയും നടപടിയെടുക്കും. പാവങ്ങളെ കുരുതി കൊടുക്കുന്ന വികസനം വികസനമല്ല, സ്ഥായിയായ വികസനമാണ് വേണ്ടത്. ഭൂമി സർവംസഹയല്ല, ഭൂമിയുടെ ക്ഷമക്കും പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ തുരങ്കപാതക്കെതിരെ ഇതിനകം തന്നെ പരിസ്ഥിതി സംഘടനകളും മറ്റും വയനാട്ടിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരുടെ യാതൊരുവിധ ഇടപെടലുകളും പാടില്ലെന്ന് നിർദേശമുള്ള, അതീവ സംരക്ഷിത മേഖലയായ വനഭൂമിയിൽ തുരങ്കപാത നിർമിച്ചാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതം വലുതാവുമെന്നാണ് പരിസ്ഥിതി സംഘടനകളും അഭിപ്രായപ്പെട്ടത്.
രാജ്യത്ത് തന്നെ വളരെ പ്രധാനപ്പെട്ട മലയിടുക്കുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. എന്നാൽ കാര്യമായ പഠനങ്ങളൊന്നും നടത്താതെയാണ് തുരങ്ക നിർമാണം പ്രഖ്യാപിച്ചതെന്നും ആക്ഷേപമുയർന്നിരുന്നു. ചെമ്പ്രമല, വെള്ളരിമല, ക്യാമൽ ഹംപ് കോംപ്ലക്‌സ് എന്നിവയുടെ ഭാഗവും ചാലിയാറിന്റെ പ്രഭവകേന്ദ്രമായ മലനിരകളുടെ അടിയിലൂടെയാണ് പദ്ധതി പ്രകാരമുള്ള തുരങ്കം കടന്നു പോകുക. ഈ പ്രദേശം ജൈവവൈവിധ്യത്താൽ സമ്പന്നമാണെന്നും ഇവർ പറഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി തന്നെ എതിർപ്പുമായി രംഗത്തെത്തിയതോടെ വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച വിവാദങ്ങൾ ശക്തിപ്പെട്ടേക്കും.
ഗാഡ്ഗിൽ കമ്മിറ്റി റിപോർട്ടിൽ സോൺ ഒന്നിലും കസ്തൂരിരംഗൻ റിപോർട്ടിൽ നാച്വറൽ ലാൻഡ്‌സ്‌കേപ്പിലും ഉൾപ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശത്ത് കൂടിയാണ് തുരങ്കപാത കടന്നുപോകുന്നത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും ഈ മലനിരകളുടെ കിഴക്കൻ ചെരുവിലാണ്. പടിഞ്ഞാറൻ ചെരുവിലാണ് കവളപ്പാറയും പാതാറും. ഈ പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലകളാണ്. വയനാട് ജില്ലയിൽ പെയ്യുന്ന ശരാശരി മഴയുടെ അഞ്ചിരട്ടി ലഭിക്കുന്ന പ്രദേശമാണ് ചെമ്പ്രമലയും താഴ് വാരവും.
തുരങ്കം നിർമിക്കാൻ കൂറ്റൻ പാറകൾ പൊട്ടിച്ചുനീക്കേണ്ടി വരും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മലമുകളിലേക്കു വരെ എത്താം. ഇതോടെ മണ്ണിന് കൂടുതൽ ബലക്ഷയം സംഭവിക്കും. ഉരുൾപൊട്ടലിന് ആക്കം കൂടാം എന്നിങ്ങനെയുള്ള ആശങ്കകളും പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്.
2021 ഒക്ടോബർ അഞ്ചിനാണ് പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചത്. 2,134.50 കോടി ചെലവ് പ്രതീക്ഷിക്കുന്ന വൻ പദ്ധതിക്കായിരുന്നു കിഫ്ബി അംഗീകാരം നൽകിയത്.
നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി റിപോർട്ട് പ്രകാരമാണ് 2,134.50 കോടി രൂപയുടെ ചെലവ് വരുമെന്ന് കണക്കാക്കിയത്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർമാണ ചുമതല. സാങ്കേതിക പഠനം മുതൽ നിർമാണം വരെയുള്ള എല്ലാ പ്രവൃത്തികളും കൊങ്കൺ റെയിൽവേ കോർപറേഷൻ നിർവഹിക്കും. കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയിൽ ആരംഭിച്ച് വയനാട് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം തുരങ്കം അവസാനിക്കുന്ന രീതിയിലാണ് പദ്ധതി.