Kerala
തൃശൂര്‍ മേയറെ തള്ളാതെ സി പി ഐ ജില്ലാ കമ്മിറ്റി; ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ട
വിവാദം മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യമില്ലെന്ന് സുനില്‍ കുമാര്‍

തൃശൂര്‍ | തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ വീട്ടിലെത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ക്രിസ്മസ് കേക്ക് നല്‍കിയ സംഭവത്തില്‍ മേയറെ തള്ളാതെ സി പി ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി. ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രതികരിച്ചു. മേയര്‍ക്കെതിരെ സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു.
എല്‍ ഡി എഫ് മേയറായി എം കെ വര്‍ഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മേയറെ പിന്തുടര്‍ന്ന് വിമര്‍ശിക്കുന്നത് ശരിയല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മേയറെടുത്ത നിലപാടില്‍ സി പി ഐക്ക് വിയോജിപ്പുണ്ടായിരുന്നു. എല്‍ ഡി എഫ് നയങ്ങളുമായി ഒത്തുപോകുമെന്ന് മേയര്‍ പറഞ്ഞതാണ്. അത് മേയര്‍ ഇപ്പോള്‍ തെറ്റിച്ചിട്ടില്ല. മേയര്‍ക്കെതിരായി സി പി ഐക്ക് ഇപ്പോള്‍ നിലപാടില്ല. പാര്‍ട്ടി നിലപാട് സുനില്‍കുമാര്‍ മനസ്സിലാക്കും. വിശദീകരണം ചോദിക്കേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വീടുകളില്‍ പോകുന്നതില്‍ തെറ്റില്ലെന്നും വത്സരാജ് പറഞ്ഞു.
ഭവന സന്ദര്‍ശന വിവാദം മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യമില്ലെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാറും പ്രതികരിച്ചു.