National
ഇന്ത്യ സഖ്യത്തിന്റ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ
കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം എന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ
ന്യൂഡല്‍ഹി | ഇന്ത്യ സഖ്യത്തിന്റ നിലവിലെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം എന്നും സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
ഇടത് പാര്‍ട്ടികളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആകില്ല. ഇടത് പാര്‍ട്ടികളെ ഒഴിവാക്കനോ പാര്‍ശ്വവത്കരിക്കണോ കഴിയില്ലെന്നും രാജ വ്യക്തമാക്കി. ഹരിയാനയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ചൂണ്ടിക്കാട്ടി ഡി രാജ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.
ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം വിശ്വാസക്കുറവുണ്ട്. സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തത് പരസ്പര ബഹുമാനക്കുറവാണ് സൂചിപ്പിക്കുന്നതാണെന്നും ഡി രാജ വിമര്‍ശിച്ചു. ബി ജെ പിയെ പ്രതിരോധിക്കാനാണ് ഇന്ത്യ മുന്നണി രൂപീകരിച്ചതെങ്കിലും ജാര്‍ഖണ്ഡില്‍ സി പി ഐയും സി പി എമ്മും ഇന്ത്യ സഖ്യത്തിലായിരുന്നില്ല മത്സരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിയാനയില്‍ ഉള്‍പ്പെടെ ഇന്ത്യ സഖ്യം ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ബി ജെ പി അധികാരം നേടുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.