cpi kerala
കാനം രാജേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ്
സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം
ഇടുക്കി | സി പി ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ്. കാനം രാജേന്ദ്രനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി ആവശ്യം ഉയര്‍ന്നത്. അഖിലേന്ത്യാ സെക്രട്ടറിക്കെതിരെ കാനം പരസ്യ പ്രസ്താവന നടത്തിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി വിമര്‍ശനത്തിന് അതീതനല്ലെന്നും വേണ്ടിവന്നാല്‍ വിമര്‍ശിക്കുമെന്നും കാനം പറഞ്ഞിരുന്നു. ഇത് പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടല്ലെന്ന് ജില്ലാ നേതൃത്വം വിലയിരുത്തി.
മുമ്പ് പാര്‍ട്ടി പത്രത്തിനെതിരെ ഇത്തരത്തില്‍ പരസ്യ വിമര്‍ശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന കമ്മിറ്റി പരസ്യ ശാസന നടത്തിയിരുന്നു. അന്നത്തെ കെ കെ ശിവരാമന്റെ പ്രസ്താവനക്ക് തുല്യമാണ് കാനം ഇപ്പോള്‍ ചെയ്തിരിക്കുന്ന കുറ്റമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഘടകത്തിലാണ് പറയേണ്ടതെന്നും പരസ്യ വിമര്‍ശനം പാടില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് നടപടി.
പൈനാവില്‍ വെച്ചായിരുന്നു ജില്ലാ എക്‌സിക്യൂട്ടീവ് യോഗം നടന്നത്. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.