Connect with us

Kerala

സി പി എമ്മിന്റെ അണികള്‍ ഭദ്രം, അന്‍വറിന്റെ പൊതുയോഗത്തെ കുറിച്ച് വേവലാതികളില്ല: എല്‍ ഡി എഫ് കണ്‍വീനര്‍

സി പി എമ്മിന് എതിരായി പറയുമ്പോള്‍ കേള്‍ക്കാന്‍ ആളുകൂടുമെന്നും ടി പി രാമകൃഷ്ണന്‍.

Published

|

Last Updated

പത്തനംതിട്ട | സി പി എമ്മിന്റെ അണികള്‍ ഭദ്രമാണെന്നും അന്‍വറിന്റെ പൊതുയോഗത്തെക്കുറിച്ച് പാര്‍ട്ടിക്ക് വേവലാതികളില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിന് എതിരായി പറയുമ്പോള്‍ കേള്‍ക്കാന്‍ ആളുകൂടും. അന്‍വറിന്റെ യോഗത്തിന് ആളുകൂടിയത് അങ്ങനെയാണെന്നു കണക്കാക്കിയാല്‍ മതി. മുന്‍കാലങ്ങളിലും ഇതേപോലെ എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് പാര്‍ട്ടി മുന്നോട്ടു പോയിട്ടുണ്ട്.

അന്‍വറിനെതിരായ കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അന്‍വര്‍ പാര്‍ട്ടി മെമ്പര്‍ അല്ല. സി പി എമ്മിന് അര്‍ഹതപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ അന്‍വറിനെ നിര്‍ത്തി. അന്നത്തെ സാഹചര്യത്തിലാണ് ആ തീരുമാനം എടുത്തത്. അതല്ലാതെയൊരു ബന്ധം അന്‍വറും സി പി എമ്മും തമ്മിലില്ല. പുതിയ സാഹചര്യത്തില്‍ സി പി എമ്മിന് അന്‍വറുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

അന്‍വറിന്റെ ഒരു നിലപാടിനും സി പി എമ്മുമായി ബന്ധമില്ല. വൈരുധ്യ നിലപാടാണ് അന്‍വര്‍ എടുത്തുകൊണ്ടിരിക്കുന്നത്. സി പി എം വിരുദ്ധ നിലപാടിന് പ്രചാരണം കൊടുക്കാന്‍ മാധ്യമങ്ങളുമുണ്ട്. 2016ല്‍ ഈ കൊടുങ്കാറ്റിനെയെല്ലാം അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചത്. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒരിക്കലും പാര്‍ട്ടിക്കെതിരെ പരസ്യമായ അഭിപ്രായം പറയാറില്ല. പാര്‍ട്ടിക്കും എല്‍ ഡി എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷമായ പ്രതികരണമാണ് അന്‍വര്‍ നടത്തിയത്. അതിനാല്‍ അന്‍വറിനോട് നിശ്ശബ്ദമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.