binoy wiswam
സി പി ഐ സംസ്ഥാന സെക്രട്ടറി: ബിനോയ് വിശ്വത്തിന്റെ തിരഞ്ഞെടുപ്പിന് സംസ്ഥാന കൗണ്‍സില്‍ നാളെ അംഗീകാരം നല്‍കും
സംസ്ഥാന എക്‌സിക്യൂട്ടീവില്‍ മറ്റുപേരുകളൊന്നും ഉയര്‍ന്നു വന്നില്ല
തിരുവനന്തപുരം | കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ബിനോയ് വിശ്വത്തിന്റെ തിരഞ്ഞെടുപ്പിന് നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കും. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ മറ്റുപേരുകളൊന്നും ഉയര്‍ന്നു വന്നില്ല.
ഏകകണ്ഠമായാണ് ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ സെക്രട്ടറിയായി സംസ്ഥാന എക്‌സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്നു ജനറല്‍ സെക്രട്ടറി ഡി രാജ നേരത്തെ അറിയിച്ചിരുന്നു.
മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ ബിനോയ് വിശ്വത്തിന്റെ തിരഞ്ഞെടുപ്പിനെതിരെ രംഗത്തു വന്നിരുന്നു. തിരഞ്ഞെടുത്ത രീതി ശരിയല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്തുടര്‍ച്ചാവകാശം ഇല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കെ ഇ ഇസ്മിയിലിനെ പോലെ പരിചയ സമ്പന്നനായ നേതാവ് അങ്ങിനെ പറയുമെന്നു കരുതുന്നില്ലെന്നായിരുന്നു ബിനോയ് വിശ്വം ഇതിനോടു പ്രതികരിച്ചത്.
എ പി ജയന്റെ സ്ഥാനമാറ്റത്തെ തുടര്‍ന്ന് പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച മുല്ലക്കര രത്‌നാകരന്‍ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി കെ ശശിധരനാണു പകരം ചുമതല. ജില്ലാ സെക്രട്ടറിയായിരുന്ന എ പി ജയനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെയായിരുന്നു മുല്ലക്കരക്ക് ചുമതല നല്‍കിയത്.