Connect with us

From the print

സി പി എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം; തെറ്റുതിരുത്തൽ നയരേഖയിൽ ചർച്ച

പാർട്ടിയുടെയും സർക്കാറിന്റെയും വീഴ്ചകൾ സമ്മേളനത്തിൽ ഇഴകീറി പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | സി പി എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന 35,000ത്തോളം വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാനമായും തെറ്റുതിരുത്തൽ നയരേഖയിൽ ഊന്നിയുള്ള ചർച്ചയും തീരുമാനങ്ങളുമാകുമുണ്ടാകുക. വിമർശവും സ്വയം വിമർശവുമാണ് സി പി എമ്മിന്റെ സംഘടനാ രീതി. ഇതുപ്രകാരം, പാർട്ടിയുടെയും സർക്കാറിന്റെയും വീഴ്ചകൾ സമ്മേളനത്തിൽ ഇഴകീറി പരിശോധിക്കും. സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം, ആഭ്യന്തര വകുപ്പിനെതിരായ ആരോപണങ്ങൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി, തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി വിവിധ വിഷയങ്ങളിൽ വിമർശങ്ങളുടെ കുത്തൊഴുക്ക് ഇക്കാലയളവിലുണ്ടാകും.

കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനം മുതൽ ഇതുവരെയുള്ള വിഷയങ്ങൾ ചർച്ചയാകും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പുമാണ് പാർട്ടിക്ക് മുന്നിലുള്ള വലിയ ദൗത്യം. യുവ നേതാക്കൾ വിവാദങ്ങളിൽ അകപ്പെടുന്നത് വലിയ തലവേദനയാണ്. ശക്തി കേന്ദ്രങ്ങളായ ആലപ്പുഴയിലും കണ്ണൂരിലും വിഭാഗീയ ഭീഷണിയുണ്ട്. നിലവിലെ സംഘടനാ പോരായ്മകൾ തിരുത്തി പാർട്ടിയെ ശക്തമാക്കുകയെന്നതാണ് സമ്മേളന ലക്ഷ്യം.

ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറന്ന സാഹചര്യവും ഗൗരവമായ ചർച്ചയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം പിണറായി സർക്കാറിന്റെ പിടിപ്പുകേടാണെന്ന വികാരം പാർട്ടിയിൽ ശക്തമാണ്.

ബ്രാഞ്ച് സമ്മേളനത്തിന് പിന്നാലെ ഒക്ടോബറിൽ രണ്ടായിരത്തിലധികം ലോക്കൽ സമ്മേളനങ്ങൾ നടക്കും. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ പ്രാദേശിക നേതാക്കൾ മറുപടി പറയും.
തുടർന്ന് നവംബറിൽ ഏരിയാ സമ്മേളനങ്ങളും ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും നടക്കും.

ഫെബ്രുവരിയിൽ കൊല്ലത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലിൽ മധുരയിൽ പാർട്ടി കോൺഗ്രസ്സും നടക്കും. നിർണായക നീക്കങ്ങളുണ്ടായില്ലെങ്കിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷവും എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരും.