Connect with us

cpim central committee meeting

സി പി എം കേന്ദ്ര കമ്മിറ്റി യോഗം തുടരുന്നു; ബി ജെ പിയെ തോല്‍പ്പിക്കാനുള്ള പ്രാദേശിക സഖ്യമെന്ന തന്ത്രം ശക്തിപ്പെടുത്തും

ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന ആവശ്യം ഉന്നയിക്കണമോ എന്ന കാര്യത്തിലും തീരുമാനമുണ്ടാവും

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്തു ചേരുന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. ഓരോ സംസ്ഥാനത്തും അവിടുത്തെ ശക്തമായ മതേതര പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നു ബി ജെ പിയെ തോല്‍പ്പിക്കാനാവശ്യമായ സഖ്യം രൂപീകരിക്കണം എന്നാണു പാര്‍ട്ടി നിലപാട്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായ ഈ തീരുമാനം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാട് ഉറപ്പിക്കുന്നതാണ് കേന്ദ്ര കമ്മിറ്റി നിലപാട്. കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവരുമായി സഹകരിക്കും.
ഇന്ത്യ മുന്നണിയില്‍ നിന്നു ദേശീയതലത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സി പി എം തയ്യാറായേക്കും. രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ സ്വാധീനമേഖലയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു. തമിഴ്‌നാട്ടില്‍ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളില്‍ ഇത്തവണയും മത്സരിക്കാനാണു പാര്‍ട്ടി ആഗ്രഹിക്കുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍, ചുരു മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ പാല്‍ഗര്‍, ബിന്തോരി മണ്ഡലങ്ങള്‍ ആവശ്യപ്പെടും. കോയമ്പത്തൂര്‍ സീറ്റ് കമലഹാസന്റെ പാര്‍ട്ടിക്ക് വിട്ടു നല്‍കുകയെന്ന നിര്‍ദ്ദേശം അഗീകരിക്കാനാവില്ലെന്നാണു പാര്‍ട്ടി കാണുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്താണ് സി പി എമ്മിന് ജയിക്കാനായത്.
കേരളത്തില്‍ ഗവര്‍ണര്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന ആവശ്യം ഉന്നയിക്കണമോ എന്ന കാര്യത്തിലും തീരുമാനമുണ്ടാവും. നാളെ കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറല്‍ സെക്രട്ടറി മാധ്യമങ്ങളെ കാണും.