Kerala
സി പി എം സമ്മേളനം; നവകേരള രേഖ വികസന കുതിപ്പിന് വഴിയൊരുക്കും
ഉന്നത വിദ്യാഭ്യാസ മേഖലയിലും ടൂറിസം മേഖലയിലും കൂടുതല്‍ സ്വകാര്യ പങ്കാളിത്തം

കൊല്ലം | കേരളത്തില്‍ വികസന കുതിപ്പിനു വഴിയൊരുക്കുന്നതായിരിക്കും സി പി എം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുന്ന നവകേരള നയരേഖ. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന തരത്തില്‍ എല്ലാ മേഖലയിലും വികസനം ഉറപ്പു വരുത്തുന്നതാണ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖ പറയുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലും ടൂറിസം മേഖലയിലും കൂടുതല്‍ സ്വകാര്യ പങ്കാളിത്തത്തിന് നയരേഖ പച്ചക്കൊടി നല്‍കുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പിന്നാലെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ഇതുവഴി ആകര്‍ഷിക്കാന്‍ കഴിയും. സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രവേശന അനുപാതം 43% നിന്ന് 75 ആക്കി ഉയര്‍ത്തും. വിദ്യാര്‍ഥികളുടെ വിദേശ ഒഴുക്ക് തടയാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ ആരംഭിക്കും.
വ്യവസായിക ക്ലസ്റ്റര്‍ രൂപീകരിക്കുമെന്നും നയരേഖ പ്രഖ്യാപിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളെ ഒരു കുട കീഴില്‍ കൊണ്ടുവരാനായി കോണ്‍ക്ലേവ്. ഐടി പാര്‍ക്കുകള്‍ സംയോജിപ്പിക്കും. അടുത്ത വര്‍ഷത്തോടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ വഴി ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാക്കും. മള്‍ട്ടി മോഡല്‍ പൊതു ഗതാഗത സംവിധാനം കൊണ്ടുവരും.
നവരേഖയിലെ നിര്‍ദ്ദേശം അനുസരിച്ച് ടൂറിസം മേഖലയില്‍ വന്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതോടെ വന്‍ കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുങ്ങുക. കെ ഹോംസ് എന്ന പേരില്‍ സംസ്ഥാനത്ത് വന്‍കിട ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. ടൂറിസം നിക്ഷേപ സെല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയില്‍ പറയുന്നു.