tripura result
സി പി എം- കോണ്‍ഗ്രസ് ബന്ധം: ത്രിപുരയില്‍ തോറ്റെങ്കിലും ദേശീയ സഖ്യത്തിനു വഴിയൊരുങ്ങും
ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനുള്ള മുന്നറിയിപ്പായാണ് ത്രിപുര ഫലത്തെ മതേതര സമൂഹം വിലയിരുത്തുന്നത്
അഗര്‍ത്തല | സി പി എം- കോണ്‍ഗ്രസ് സഖ്യത്തിനു ത്രിപുരയില്‍ വിജയം നേടാനായില്ലെങ്കിലും ദേശീയ തലത്തില്‍ മതേതര സഖ്യത്തിന്റെ വുപലമായ സാധ്യതയിലേക്കാണു ഫലം വിരല്‍ ചൂണ്ടുന്നത്.
തുടര്‍ച്ചയായ കേന്ദ്ര ഭരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി ജെ പിക്കു നല്‍കിയ അപ്രമാദിത്വത്തെ വിറപ്പിക്കാന്‍ ത്രിപുരയിലെ സഖ്യത്തിനു കഴിഞ്ഞു എന്നത് പ്രധാനമാണ്. തിപ്രമോദയുടെ സാന്നിധ്യത്തിലൂടെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചില്ലായിരുന്നുവെങ്കില്‍ ബി ജെ പിയുടെ പരാജയം ഉറപ്പാകുമായിരുന്നു.
2024 ല്‍ വരാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനുള്ള മുന്നറിയിപ്പായാണ് ത്രിപുര ഫലത്തെ മതേതര സമൂഹം വിലയിരുത്തുന്നത്.
ബി ജെ പിക്കെതിരെ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ സി പി എമ്മിനു തടസ്സമില്ലെന്ന സന്ദേശവും തിരഞ്ഞെടുപ്പു മുന്നോട്ടു വച്ചു. ബി ജെ പിക്കെതിരെ മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരുത്തുന്ന തിപ്രമോത പോലുള്ള കക്ഷികളെ എങ്ങിനെ മതേതര പക്ഷത്ത് അണിനിരത്താമെന്ന സുപ്രധാന ചോദ്യവും തിരഞ്ഞെടുപ്പു ഫലം മുന്നോട്ടു വയ്ക്കുന്നു.
കേന്ദ്രത്തിലേയും സംസ്ഥാനത്തേയും അധികാരവും സമ്പത്തും കരുത്തുപകരുന്ന ബി ജെ പിയെ പരാജയപ്പെടുത്താനായില്ലെങ്കിലും രാഷ്ട്രീയമായി ബി ജെ പിയെ നേരിടുന്നതില്‍ സഖ്യത്തിനു കഴിഞ്ഞു എന്നാണു വിലയിരുത്തപ്പെടുന്നത്. ബി ജെ പി കേവല ഭൂരിപക്ഷം നേടിയെങ്കിലും അവരുടെ വിജയത്തിന്റെ തിളക്കം കുറയ്ക്കാന്‍ സഖ്യത്തിനു കഴിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ മുന്നേറ്റം തുടര്‍ന്ന ബി ജെ പിയെ വിറപ്പിക്കുന്ന തരത്തിലേക്കു ചില ഘട്ടത്തില്‍ സി പി എം സഖ്യം എത്തി.
ഗോത്ര വര്‍ഗ മേഖലയില്‍ തിപ്രമോദ പാര്‍ട്ടി ഉണ്ടാക്കിയ മേല്‍ക്കൈ ബി ജെ പിക്കെതിരായ മതേതര വോട്ടുകള്‍ ഭിന്നിക്കുന്നതിനു കാരണമായി എന്നാണു പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബി ജെ പി അധികാരത്തില്‍ എത്തിയ ശേഷം കായികമായ വന്‍ കടന്നാക്രമങ്ങളെ നേരിട്ടാണു സി പി എം പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ഒരു സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.
കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും ഭരണം ഉപയോഗിച്ച് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ എന്ന നിലയിലാണ് ബി ജെ പി പ്രവര്‍ത്തിച്ചതെങ്കിലും ശക്തമായ ചെറുത്തു നില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി പി എം സഖ്യത്തിനു കഴിഞ്ഞു.
മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ്സിനു വലിയ നേട്ടം ഉണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിലാസം നഷ്ടമായ കോണ്‍ഗ്രസ്സിനു തിരിച്ചുവരാന്‍ സി പി എം സഖ്യം വഴിയൊരുക്കി. കോണ്‍ഗ്രസ്സിനു വേണ്ടി രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പ്രചാരണത്തിന് എത്തണമെന്ന സംസ്ഥാന കോണ്‍ഗ്രസ്സിന്റെ അഭ്യര്‍ഥന പോലും കേന്ദ്ര നേതൃത്വം അംഗീകരിച്ചിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ്സിനു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത് സി പി എം സഖ്യത്തിലൂടെയാണ്. മുമ്പ് 60 സീറ്റില്‍ മത്സരിച്ചിരുന്ന സി പി എം ഇത്തവണ 17 ഓളം സീറ്റുകള്‍ കോണ്‍ഗ്രസ്സിനു നല്‍കിയിരുന്നു.
കഴിഞ്ഞ തവണ 36 സീറ്റില്‍ വിജയിച്ച ബി ജെ പിക്ക് നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ മതേതര സംഖ്യം അനിവാര്യമാണെന്ന നിഗമനത്തിലേക്കാണ് പ്രതിപക്ഷ പാര്‍ട്ടികളെ എത്തിക്കുക.
20 സീറ്റില്‍ മത്സരിച്ച തിപ്രമോദയുമായി സി പി എം സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ രേഖാമൂലം അംഗീകരിക്കുന്നവര്‍ക്കു പിന്‍തുണ എന്ന നിലയിലേക്കു തിപ്ര മോദ മാറി. പ്രത്യേക ഗോത്ര വര്‍ഗ സംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ ബി ജെ പിയുമായി അടുക്കുന്നതായിരിക്കും നല്ലതെന്ന നിലയില്‍ തിപ്രമോത്ത എത്തിയിരുന്നുവെന്നാണ് അവസാന ഘട്ടത്തില്‍ തിപ്ര മോദ തലവന്‍ പ്രത്യദ് ദേബ ബര്‍മന്റെവാക്കുകള്‍ സൂചന നല്‍കിയത്.
തിപ്രമോദയുടെ സാന്നിധ്യം തങ്ങള്‍ക്കായിരിക്കും ഗുണം ചെയ്യുക എന്ന ബി ജെ പിയുടെ കണക്കുകൂട്ടലാണ് ബംഗാളില്‍ ശരിയായത്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ തിപ്രമോദ വഹിച്ച പങ്ക് ബി ജെ പിക്കു വീണ്ടും അധികാരം ഉറപ്പാക്കി.