Connect with us

From the print

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്; പി പി ദിവ്യക്കെതിരെ നടപടിയുണ്ടായേക്കും

പോലീസ് റിപോർട്ട് എതിരാകുകയും കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ചെയ്തതിനാൽ പാർട്ടി നടപടിക്ക് ജില്ലാ സമ്മേളനം വരെ കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് ഇപ്പോൾ സി പി എം

Published

|

Last Updated

കണ്ണൂർ | എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യക്കെതിരായ പാർട്ടി നടപടി ഇന്നുണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റ് യോഗം കമ്മിറ്റി അംഗത്വത്തിൽ നിന്ന് ദിവ്യയെ നീക്കിയേക്കും.

സമ്മേളനകാലമായതിനാൽ ഡിസംബറിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ അംഗത്വത്തിൽ നിന്ന് സ്വാഭാവികമായി ഒഴിവാക്കാമെന്നായിരുന്നു സെക്രട്ടേറിയറ്റ് മുൻ തീരുമാനം. എന്നാൽ പോലീസ് റിപോർട്ട് എതിരാകുകയും കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ചെയ്തതിനാൽ പാർട്ടി നടപടിക്ക് ജില്ലാ സമ്മേളനം വരെ കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് ഇപ്പോൾ സി പി എം. ദിവ്യയെ ഇരിണാവ് ലോക്കൽ കമ്മിറ്റിയിലേക്കോ പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയിലേക്കോ തരംതാഴ്ത്തുമെന്നും വിവരമുണ്ട്.

മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നായിരുന്നു തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നത്. ദിവ്യക്കെതിരെ പാർട്ടിതല നടപടിയുണ്ടാകുമെന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ഈ മാസം 15നായിരുന്നു നവീൻ ബാബു ആത്മഹത്യ ചെയ്തത്. ഇതേ തുടർന്ന് കണ്ണൂർ വൻ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

Latest