Kerala
സി പി എം മുന്‍ എരിയ കമ്മറ്റി അംഗം ബി ജെ പിയില്‍ ചേര്‍ന്നു
അഡ്വ. ബിപിന്‍ സി ബാബുവിനെ ഗാര്‍ഹിക പീഡന പരാതിയില്‍ ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി പുറത്താക്കിയിരുന്നതായി സി പി എം
ആലപ്പുഴ | സി പി എം ആലപ്പുഴ മുന്‍ എരിയ കമ്മറ്റി അംഗം ബി ജെ പിയില്‍ ചേര്‍ന്നു. ആലപ്പുഴയിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന അഡ്വ. ബിപിന്‍ സി ബാബുവാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ബിപിന് അംഗത്വം നല്‍കി സ്വീകരിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, എസ് എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി അംഗം, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. ബിപിന്റെ അമ്മ സി പി എം ഏരിയാ കമ്മിറ്റി അംഗമാണ്.
ബിപിന്‍ ബാബു നേരത്തെ സി പി എമ്മില്‍ നിന്ന് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനാലാണ് നേരത്തെ ഇയാളെ സി പി എം പുറത്താക്കിയത്. ഭാര്യ നല്‍കിയ പരാതിയിലാണ് സി പി എം ഇയാള്‍ക്കെതിരെ നടപടി എടുത്തിരുന്നത്. പെണ്‍ സുഹൃത്തുമായി ഇയാള്‍ ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ വിനോദയാത്ര പോയതും വിവാദമായിരുന്നു.
മിശ്ര വിവാഹത്തിലൂടെയാണ് വിപിന്‍ സി ബാബു സി പി എം നേതാവിന്റെ മകളെ വിവാഹം കഴിച്ചത്. പിന്നീട് ഭാര്യയെ ഒഴിവാക്കാന്‍ പെണ്‍ സുഹൃത്തുമായി ചേര്‍ന്ന് ആഭിചാരക്രിയകള്‍ വരെ നടത്തിയെന്ന് ഭാര്യ പാര്‍ട്ടിക്ക് പരാതി നല്‍കി. ഒരു വര്‍ഷം മുന്‍പാണ് ഗാര്‍ഹിക പീഡനക്കേസില്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.