kerala politics
രാഹുല്‍ ഗാന്ധിക്കുവേണ്ടി സി പി എം; കേരള രാഷ്ട്രീയത്തില്‍ അങ്കലാപ്പ്
കേരളത്തില്‍ സി പി എമ്മുമായി നേരിട്ടു പോരടിക്കുന്ന കോണ്‍ഗ്രസ്സ്, പ്രധാന ആയുധമാക്കുന്നത് സി പി എം-ബി ജെ പി രഹസ്യ ബന്ധം എന്ന ആയുധമാണ്
കോഴിക്കോട് | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ സി പി എം രംഗത്തുവന്നതോടെ കേരളത്തില്‍ പരസ്പരം പോരടിക്കുന്ന ഇരു കക്ഷികള്‍ക്കിടയിലും അങ്കലാപ്പ് രൂപപ്പെട്ടു.
കേരളത്തില്‍ സി പി എമ്മുമായി നേരിട്ടു പോരടിക്കുന്ന കോണ്‍ഗ്രസ്സ്, പ്രധാന ആയുധമാക്കുന്നത് സി പി എം-ബി ജെ പി രഹസ്യ ബന്ധം എന്ന ആയുധമാണ്. വിവിധ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ സി പി എം, ബി ജെ പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ആരോപണം.
എന്നാല്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വാര്‍ത്ത വന്നതു മുതല്‍ ബി ജെ പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ സി പി എം ശക്തമായി രംഗത്തിറങ്ങിയത് സി പി എമ്മിനെതിരായി കോണ്‍ഗ്രസ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.
ഇതോടെ കേരളത്തില്‍ രാഷ്ട്രീയ തന്ത്രം പാളുന്നതായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ സി പി എം സ്വീകരിക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്കുള്ള പിന്‍തുണയാണെന്നു വരുന്നത് കോണ്‍ഗ്രസ്സിനെതിരായ ഇടതു നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇടവരുത്തുമെന്നു സി പി എമ്മും കരുതുന്നു.
ഇതോടെ കേരളത്തില്‍ രാഹുലിന്റെ പേരില്‍ സി പി എം- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ സമീപനത്തില്‍ രൂപപ്പെട്ട ഐക്യം ഇരുപക്ഷവും പുനപ്പരിശോധനക്കു വിധേയമാക്കുന്ന നിലയിലേക്കു മാറുകയാണ്.
സി പി എം രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് സ്വയരക്ഷ്‌ക്കു വേണ്ടിയാണെന്ന ശക്തമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്.
മോദി ഭരണകൂടത്തിനെതിരായി രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടാക്കിയ തരംഗത്തിന്റെ പങ്കു പിടിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നാണ് വി ഡി സതീശന്റെ ആക്ഷേപം. മുഖ്യമന്ത്രിയും എം വി ഗോവിന്ദനുമൊക്കെ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് പോസ്റ്റിട്ടതിനു പിന്നിലെ ലക്ഷ്യം ഇതാണെന്നാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രനീക്കത്തിന്റെ പശ്ചാത്തലത്തില്‍ സി പി എം സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തുവരേണ്ടിവന്നു.
ഇപ്പോള്‍ സി പി എം നല്‍കുന്ന പിന്തുണ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ലെന്നും ബി ജെ പിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് എതിര്‍ക്കുന്നതെന്നുമാണു എം വി ഗോവിന്ദന്‍ വിശദീകരിച്ചത്.
ലക്ഷദ്വീപിലെ എം പിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സി പി എം സ്വീകരിച്ചതെന്നും ഏത് പാര്‍ട്ടികള്‍ക്കെതിരായ ബി ജെ പി നടപടിയിലും ഇതുതന്നെയാകും സി പി എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടെന്നും അദ്ദേഹം പറയുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്നു എം വി ഗോവിന്ദന്‍ പറയുന്നത് ദീര്‍ഘ വീക്ഷണത്തോടെയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുവരികയാണെങ്കില്‍ ബി ജെ പി രാഷ്ട്രീയ സാഹചര്യത്തെ ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള നീക്കം കൂടിയാണ് ഇരുപക്ഷത്തേയും നേതാക്കളുടെ പ്രതികരണത്തിലുള്ളത്.
കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസ്സും ചങ്ങാത്തത്തിലാണെന്നുള്ള പ്രചാരണത്തിലൂടെ നുഴഞ്ഞു കയറാനുള്ള നീക്കം പ്രതിരോധിക്കേണ്ടതു ഇരുപക്ഷത്തിന്റേയും ആവശ്യമാണ്.
രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുണ്ടെങ്കില്‍ എം വി ഗോവിന്ദന്റെ ബുദ്ധിക്ക് കാര്യമായ കുഴപ്പമുണ്ടെന്നുള്ള കെ സുധാകരന്റെ രൂക്ഷമായ പ്രതികരണത്തോടെ രാഹുല്‍ ഗാന്ധിക്കുവേണ്ടി കേരളത്തില്‍ ഇരു മുന്നണികള്‍ക്കിടയിലും രൂപപ്പെട്ട ഏകോപനം വീണ്ടും തകരുകയാണ്.
കേരളത്തില്‍ ഭരണ പ്രതിപക്ഷവും പ്രതി പക്ഷവും ചങ്ങാത്തം സ്ഥാപിച്ചു എന്ന പ്രചാരണത്തിലൂടെ അന്തരീക്ഷം മുതലെടുക്കാനുള്ള ജാഗ്രതയാണ് ഇരു പക്ഷത്തേയും നേതാക്കളുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത് എന്നാണു വിലയിരുത്തപ്പെടുന്നത്.