governor as chancellor
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ സി പി എം പച്ചക്കൊടി
സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാറുമായി ഗവര്‍ണര്‍ നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍.
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കംചെയ്യുന്ന സര്‍ക്കാര്‍ നടപടികള്‍ക്ക് സി പി എമ്മിന്റെ അനുമതി. സി പി എം സംസ്ഥാന സമിതിയാണ് ഇക്കാര്യത്തിന് സര്‍ക്കാറിനെ ഉത്തരവാദപ്പെടുത്തിയത്. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് സി പി എം അംഗീകാരം നല്‍കി.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിലും ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും. കോടതിയെ സമീപിക്കുന്നതിന് മുമ്പായി പ്രതിപക്ഷത്തിന്റെ അഭിപ്രായവും തേടും. സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാറുമായി ഗവര്‍ണര്‍ നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍.
നിലവിൽ കേരളത്തിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക സർവകലാശാല വി സിയെ നീക്കം ചെയ്ത സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ് ഗവർണറുടെ ഈ നീക്കം. രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.