Kerala
ആര്‍ എസ് എസുമായി ഡീലുണ്ടാക്കാന്‍ എ ഡി ജി പിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ല: എം വി ഗോവിന്ദന്‍
ഡീലുണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭാഗവതിനെ കണ്ടുകൂടെയെന്നും എം വി ഗോവിന്ദന്‍
തിരുവനന്തപുരം | പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസുമായി ഡീലുണ്ടാക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ല. ഡീലുണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭാഗവതിനെ കണ്ടുകൂടെയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.കേരളത്തില്‍ ഇടത് മുന്നണിയെ നിര്‍ജ്ജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിര്‍മിച്ച് നല്‍കുന്ന 11 വീടുകളുടെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോഴും സിപിഎം പ്രതിരോധത്തില്‍ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു പ്രതിരോധവും ഇല്ല. ഇപ്പോള്‍ ബ്രാഞ്ച് സമ്മേളനത്തെ വെച്ച് സിപിഎമ്മിനെ വിമര്‍ശിക്കുന്നു. ബ്രാഞ്ച് സമ്മേളനം നടത്തുന്നത് തന്നെ വിമര്‍ശിക്കാനാണ്. സമ്മേളനങ്ങളില്‍ വിമര്‍ശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.