Kerala
ബോംബുള്ളത് സി പി എമ്മില്‍; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി
തങ്ങളുടെ പാര്‍ട്ടിയില്‍ ഒരു ബോംബും ഇല്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ചെന്നിത്തല
തിരുവനന്തപുരം | ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന പ്രസ്താവന കോണ്‍ഗ്രസ്സില്‍ വലിയ ബോംബാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്സ്് നേതാവ് രമേശ് ചെന്നിത്തല. തങ്ങളെ സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും തങ്ങളുടെ പാര്‍ട്ടിയില്‍ ഒരു ബോംബും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ ബോംബുള്ളത് സി പി എമ്മിലാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
എലപ്പുള്ളിയില്‍ മദ്യനിര്‍മാണ ശാലയുമായി മുന്നോട്ട് പോകാനുള്ള നീക്കം ചെറുക്കും. സര്‍ക്കാര്‍ തന്നെയാണ് ഒയാസിസ് കമ്പനിയെ ക്ഷണിച്ചത്. ഇക്കാര്യത്തില്‍ ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നം രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്നലെ നോര്‍ക്ക സംഘടിപ്പിച്ച വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ്സിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭിപ്രായപ്രകടനങ്ങളുണ്ടായത്. സ്വാഗത പ്രാസംഗികനായ ഡോ. ജി രാജ്‌മോഹന്‍ അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരട്ടെ എന്ന് ആശംസിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത നേതാവാണ് രമേശ് ചെന്നിത്തലയെന്നും അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്.
ഒരു പാര്‍ട്ടിക്ക് അകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി,. ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ?, ഇങ്ങനെയൊരു കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്‌നേഹപൂര്‍വം ഉപദേശിക്കാനുളളതെന്നും ഉണര്‍ത്തി.