Connect with us

Kerala

സിപിഎം വിശ്വാസങ്ങളിലേക്ക് കടന്നുകയറുന്നു; തട്ടം രാജ്യ പുരോഗതിക്ക് എന്ത് തടസമുണ്ടാക്കി?: പിഎംഎ സലാം

തട്ടം ഉപയോഗിക്കുന്ന മുസ്ലീം യുവതികള്‍ ആരും മലപ്പുറത്ത് അത് ഉപേക്ഷിച്ചിട്ടില്ല.

Published

|

Last Updated

മലപ്പുറം | സിപിഎം നേതാവ് കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. രാഷ്ട്രീയ ഭരണകാര്യങ്ങള്‍ക്കപ്പുറം വിശ്വാസങ്ങളിലേക്ക് സിപിഎം കടന്നു കയറുകയാണെന്ന് പിഎംഎ സലാം ആരോപിച്ചു. തട്ടം തലയിലുള്ളതുകൊണ്ട് രാജ്യപുരോഗതിക്ക് എന്ത് തടസമാണ് ഉള്ളതെന്നും പിഎംഎ സലാം ചോദിച്ചു. തട്ടം ഉപയോഗിക്കുന്ന മുസ്ലീം യുവതികള്‍ ആരും മലപ്പുറത്ത് അത് ഉപേക്ഷിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത് പട്ടിണി മാറ്റാനാണോ അതോ തട്ടം മാറ്റാനാണോയെന്നും സലാം ചോദിച്ചു.

അനില്‍കുമാറിന്റെ പരാമര്‍ശം സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം മറുപടി പറയണം. പാര്‍ട്ടിയുടെ നയം പറയേണ്ടത് പാര്‍ട്ടി നേതാക്കാളാണ്. അല്ലാതെ ഏതെങ്കിലും വഴിപോക്കന്‍ പറഞ്ഞാല്‍ അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കെ ടി ജലീനെ പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

മതവിരുദ്ധമായ പ്രസ്താവനയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്. മലപ്പുറം എന്നുകേട്ടാല്‍ സിപിഎമ്മിന് അലര്‍ജിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൊണ്ടാണ് മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ തട്ടം ഉപേക്ഷിച്ചതെന്നാണ് സിപിഎം നേതാവിന്റെ കണ്ടെത്തല്‍. തലയില്‍ തട്ടമിടുന്ന കുട്ടികളാരും അത് ഉപേക്ഷിച്ചിട്ടില്ല. പുതിയ തലമുറ അക്കാര്യത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്നു. എന്തിനാണ് മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെ മേല്‍ സിപിഎം കടന്നുകയറുന്നത്. വഖഫും ശബരിമല വിഷയത്തിലും സിപിഎം ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.

 

Latest