Kerala
സി പി എം പൊതുപ്രവര്‍ത്തനരംഗം ക്രിമിനല്‍ വല്‍ക്കരിക്കുന്നു: കോണ്‍ഗ്രസ്
കാപ്പ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ക്ക് സി പി എമ്മില്‍ അംഗത്വം നല്‍കിയ ജില്ലാ സെക്രട്ടറി ഉദയഭാനുവും, മന്ത്രി വീണാ ജോര്‍ജും പൊതുസമൂഹത്തോട് മാപ്പ് പറയണം
പത്തനംതിട്ട | സി പി എം പൊതുപ്രവര്‍ത്തനരംഗം ക്രിമിനല്‍ വല്‍ക്കരിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍. കാപ്പ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ക്ക് സി പി എമ്മില്‍ അംഗത്വം നല്‍കിയ ജില്ലാ സെക്രട്ടറി ഉദയഭാനുവും, മന്ത്രി വീണാ ജോര്‍ജും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ജീപ്പ് എറിഞ്ഞു തകര്‍ക്കുകയും, സ്വകാര്യ ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതുമുള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളും, കഞ്ചാവ്, മണല്‍, മണ്ണ് മാഫിയക്ക് നേതൃത്വം നല്‍കുന്നവരുമാണ് കഴിഞ്ഞ ദിവസം സി പി എം അംഗത്വം നല്‍കിയവരില്‍ മിക്കവരും. അടൂരിലെ മണ്ണ്, മദ്യ മാഫിയ സംഘത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന സി പി എം ജില്ലാ നേതൃത്വം തിരുവല്ലയിലെ ബലാത്സംഗ കേസ് പ്രതിയെയും സി പി എമ്മിലേക്ക് തിരികെയെടുത്ത് ധാര്‍മിക മൂല്യം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമികളെയും, സ്വഭാവ ദൂഷ്യമുള്ളവരെയും അകറ്റി നിര്‍ത്തി നിയമം പാലിക്കേണ്ട മന്ത്രിയും ഇവര്‍ക്ക് അംഗത്വം നല്‍കല്‍ ചടങ്ങില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ചത് പരിഹാസ്യമാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.