Connect with us

Kerala

സി പി എം നേതാവ് സത്യനാഥന്‍ വധം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊലക്കുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്ന് പ്രതി അഭിലാഷ് പോലീസിന് മൊഴി നല്‍കി.

Published

|

Last Updated

കോഴിക്കോട് | കൊയിലാണ്ടിയിലെ സി പി എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ മറ്റ് പ്രതികളുണ്ടോയെന്നത് പോലീസ് അന്വേഷിച്ചു വരികയാണ്.  കൊലക്കുപ യോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉത്സവപ്പറമ്പിന്റെ തൊട്ടടുത്ത പറമ്പില്‍ നിന്നാണ് കത്തി കണ്ടെത്തിയത്.

സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. വടകര ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പേരാമ്പ്ര, താമരശ്ശേരി ഡി വൈ എസ് പിമാരും അന്വേഷണ സംഘത്തിലുണ്ട്.

കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്ന് പ്രതി അഭിലാഷ് പോലീസിന് മൊഴി നല്‍കി. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാര്‍ട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പോലീസിന് മൊഴി നല്‍കി.
മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിലുളളത്. കഴുത്തില്‍ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു അരുംകൊല അരങ്ങേറിയത്.ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെ നൂറുകണക്കിനാളുകള്‍ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നില്‍ക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നില്‍ സി സി ടി വി ക്യാമറകള്‍ക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം. സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അയല്‍വാസിയായ അഭിലാഷ് വൈകാതെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

 

Latest